SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

പഴഞ്ചൻ മെഷീനുകളുമായി ഏജന്റുമാരുടെ 'കൊയ്ത്ത്'

ആലപ്പുഴ: രണ്ടാംകൃഷിയുടെ കൊയ്ത്ത് ആരംഭിച്ചിരിക്കെ ഗുണനിലവാരമുള്ള കൊയ്ത്ത് മെഷീനുകളുടെ അഭാവം കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ഗുണനിലവാരമുള്ളവ ഇല്ലാത്തതിനാൽ തമിഴ്‌നാട്,​ കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൊയ്ത്ത് മെഷീനുകളുടെ വരവ്. രജിസ്‌ട്രേഷനും ഫിറ്റ് നസുമുള്ള അംഗീകൃത കൊയ്ത്ത് മെഷീനുകൾ കൊയ്ത്തിന് നിയോഗിക്കുമെന്നായിരുന്നു കൃഷി വകുപ്പ് നൽകിയിരുന്ന ഉറപ്പ്.

മണിക്കൂറിന് 2,​200 രൂപയാണ് കൊയ്ത്ത് മെഷീന് സർക്കാർ നിശ്ചയിച്ച വാടക. എന്നാൽ ഇതിലും കുറഞ്ഞ നിരക്കിൽ മെഷീനുകൾ വാഗ്ദാനം ചെയ്ത് ഏജന്റുമാരെത്തി. വാടകകുറച്ച് കർഷകരെ വശത്താക്കുന്ന ഏജന്റുമാർ കാലപ്പഴക്കമുള്ള മെഷീനുകളാണ് കൊയ്ത്തിനെത്തിക്കുന്നത്. ഇവ കൊയ്ത്തിന് കൂടുതൽ സമയമെടുക്കുന്നതിനൊപ്പം കട്ടയും വൈക്കോലിന്റെ അംശങ്ങളും പതിരുമുൾപ്പെടെ നെല്ലിനൊപ്പം സംഭരിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. രണ്ടാം കൃഷിയിൽ തരക്കേടില്ലാത്ത വിളവാണ് കർഷകർക്ക് ലഭിക്കുന്നതെന്നിരിക്കെ പതിരിന്റെ തോത് കൂടിയാൽ അതിന്റെ പേരിൽ മില്ലുകാർ ചോദിക്കുന്ന കിഴിവ് നൽകാൻ നിർബന്ധിതരാകേണ്ടിവരും. പാടങ്ങളിലെത്തിക്കുന്ന മെഷീനുകളുടെ രജിസ്‌ട്രേഷനും ഫിറ്റ് നസും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കുകയും ഇവയില്ലാത്ത മെഷീനുകളെ മടക്കി അയക്കുകയും ചെയ്താൽ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകുകയുള്ളൂ.

നെല്ലിന്റെ ഗുണനിലവാരത്തെ ബാധിക്കും

 കൊയ്ത്ത് മെഷീനിൽനിന്നും ടാർപോളിനിലേക്ക് നെല്ല് മാറ്റുമ്പോൾ തൂകി വീഴുന്ന പതിര് തൂത്തുമാറ്റാൻ കൂലിക്ക് ആളെ നിർത്തേണ്ടി വരും

 ഇല്ലെങ്കിൽ പതിരിന്റെ പേരിൽ തൂക്കംകുറച്ച് തങ്ങളുടെ അദ്ധ്വാനത്തിന്റെ വില മില്ലുകാർ ചൂഷണം ചെയ്യുമെന്ന് കർഷകർ

 ഭക്ഷണമുൾപ്പെടെ ആയിരം രൂപവീതം കൂലി നൽകിയാണ് പതിരു തൂത്തുമാറ്രാൻ തൊഴിലാളികളെ നിയോഗിക്കേണ്ടത്

 നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ ഒരേക്കർ കൊയ്ത്തിന് ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർവരെ സമയം വേണ്ടിവരും

കൊയ്ത്ത് യന്ത്രങ്ങളുടെ വാടക

റോഡ് മാർഗം എത്തിക്കുമ്പോൾ

₹ 2,​100 (മണിക്കൂറിന്)

ചങ്ങാടം വഴി കൊണ്ടുവരുമ്പോൾ

₹ 2,200 (മണിക്കൂറിന്)

ഗുണനിലവാരമുള്ള മെഷീനുകൾ ലഭ്യമാക്കിയില്ലെങ്കിൽ കൊയ്ത്തിന് കൂടുതൽ സമയമെടുക്കുകയും പതിരുവീഴ്ചയ്ക്കിടയാക്കുകയും ചെയ്യും. മില്ലുകാരുടെ ചൂഷണത്തിനുള്ള അവസരം സൃഷ്ടിക്കലാണിത്

-ലാലിച്ചൻ പള്ളിവാതുക്കൽ , കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL