
മാരാരിക്കുളം : ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം സ്വകാര്യ സ്ളീപ്പർ ബസ് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഡ്രൈവറടക്കം 14 പേർക്ക് പരിക്കേറ്റു. ജോലി ആവശ്യത്തിനായി കണ്ണൂരിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പന്തളം മാന്തുക എമിനൻസ് വില്ലേജിൽ നുമി മൻസിലിൽ ആദിൽ സജീവ് (25) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 5മണിയോടെയായിരുന്നുഅപകടം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ഹരേ റാം എന്ന സ്വകാര്യ സ്ലീപ്പർ ബസ് ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. പതിനാല് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല.
ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയരവ്യത്യാസമുള്ള ഭാഗത്തായിരുന്നു അപകടം. ഇവിടെ കൈവരിയും ഇല്ലായിരുന്നു. സംഭവ സ്ഥലത്ത് സിഗ്നനൽ സംവിധാനങ്ങൾ ഇല്ലാതിരുന്നതും വെളിച്ചക്കുറവുമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ പതിവാണ്.റോഡ് നിർമ്മാണ കമ്പനിയുടെ കേടായ വാഹനം നാല് ദിവസമായി ഇവിടെ കിടക്കുകയായിരുന്നു. അടുത്തെത്തിയപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസ് മറിഞ്ഞ് സർവ്വീസ് റോഡിലേക്കും അവിടെ നിന്ന് താഴ്ചയിലേക്കും പതിക്കുകയായിരുന്നെന്നാണ് നിഗമനം. പിന്നീട് ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. പാരിപ്പള്ളിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി സി.ഇ.ഒ ആയിരുന്നു മരിച്ച ആദിൽ സജീവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |