SignIn
Kerala Kaumudi Online
Friday, 16 October 2026 3.46 AM IST

എ.സി റോഡിൽ, ചരക്ക് ലോറികൾ കൂട്ടിയിടിച്ചു, ഡ്രൈവർമാർക്ക് പരിക്ക്

1

കുട്ടനാട്: ആലപ്പുഴ -ചങ്ങനാശേരി റോഡിൽ തെക്കേക്കര മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ഏലത്തൂരിൽനിന്ന് സിമന്റ് കയറ്റി ചങ്ങനാശേരി വഴി ആലപ്പുഴയിലേക്ക് വരികയായിരുന്ന ലോറിയും ആലപ്പുഴ വഴി ജി.ഐ പൈപ്പുകളുമായി ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

സിമന്റ് ലോറിയുടെ ഡ്രൈവർ തെങ്കാശി ചെങ്കോട്ടായി ഇളമ്പത്തൂർ സ്വദേശി രമേഷ് (45), പൈപ്പുമായി എത്തിയ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് പുലിക്കരി വില്ലേജിൽ പളനിസ്വാമി (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേഷ് ഐ.സി.യുവിൽ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ ഇരുലോറികളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഒരു ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പുളിങ്കുന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ, തകഴി ഫയർഫോഴ്സ് സ്റ്റേഷനുകളിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് രമേഷിനെ പുറത്തെടുത്തത്.


ഗതാഗതം മുടങ്ങി , വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

അപകടത്തിൽ തകർന്ന ലോറികൾ റോഡിൽ കിടന്നതോടെ എ.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് പൊലീസ് ഗതാഗതം നിയന്ത്രിച്ചത്. ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന വാഹനങ്ങൾ മങ്കൊമ്പ് ജംഗ്ഷനിൽനിന്ന് ചമ്പക്കുളം വഴി തിരിച്ചുവിട്ടു. ചങ്ങനാശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ ബ്ലോക്ക് ജംഗ്ഷനിൽനിന്ന് വെളിയനാട്, കിടങ്ങറ വഴിയാണ് കടത്തിവിട്ടത്. രാവിലെ ഒമ്പതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL