
കളമശേരി: റോഡ് നിറയെ കന്നുകാലികളുടെ വിളയാട്ടം. കളമശേരി കുസാറ്റ് മെട്രോ സ്റ്റേഷൻ മുതൽ കുസാറ്റ് പ്രവേശന കവാടം ജംഗ്ഷൻ, വിദ്യാനഗറിലേക്കുള്ള റോഡ് എന്നിവിടങ്ങളാണ് കന്നുകാലികൾ കീഴടക്കിയിരിക്കുന്നത്. മൂരിക്കുട്ടൻമാർ, പശുക്കൾ, പശുക്കിടാവുകൾ അടക്കമുള്ളവയുടെ കൂട്ടമാണ് വാഹന തിരക്കേറിയ സന്ദർഭങ്ങളിൽ പോലും റോഡ് തിങ്ങി നിറഞ്ഞ് വരാറുള്ളത്. ഇരുചക്ര വാഹനമോ ഓട്ടോറിക്ഷയോ വരുമ്പോൾ പെട്ടെന്ന് വെട്ടി തിരിയുന്നതും വട്ടം ചാടുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവായിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ തുതിയൂർ മുട്ടുങ്കൽ പാലത്തിന് സമീപം പത്രവിതരണത്തിന് പോയ 61 കാരനായ തട്ടാശേരി ജോളിയെ എതിർ ദിശയിൽ നിന്ന് പാഞ്ഞുവന്ന പോത്ത് സ്‌കൂട്ടർ കുത്തിമറിക്കുകയും താഴെ വീണ ജോളിയുടെ വലതു കാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കൈപ്പടമുകളിൽ പോത്തിന്റെ ആക്രമണത്തിൽ അബുബക്കർ എന്ന വയോധികൻ മരിക്കുകയും ചെയ്തിരുന്നു. എച്ച്.എം.ടി റോഡിലെ കന്നുകാലി ശല്യം കുറഞ്ഞെങ്കിലും സീപോർട്ട് എയർപോർട്ട് റോഡിലും കാലികൾ അലഞ്ഞുതിരിയുന്നത് സ്ഥിരം കാഴ്ചയാണ്.
വിവിധ സ്ഥലങ്ങളിൽ നിന്നു വരുന്നവയാണ്. നടപടി എടുക്കാൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും.
വാണി ദേവി,
കൗൺസിലർ.
താമസിക്കുന്ന കെട്ടിടത്തിനു താഴെയുളള സൂപ്പർ മാർക്കറ്റിലെ പുറത്തു വെച്ചിട്ടുള്ള സാധനങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങളും ഇവ കടിച്ചു വലിച്ച് റോഡിലിടുന്നത് പതിവാണ്. അപകട ഭീഷണിയുമുണ്ട്
ദിലീപ് പയ്യപ്പിള്ളി,
കുസാറ്റ് റോഡിലെ താമസക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |