
കൊച്ചി: നഗരമദ്ധ്യത്തിൽ സൂപ്പർ ബൈക്കിലെത്തി 80 ലക്ഷം രൂപയുടെ ഹവാല പണം റാഞ്ചിയ 'കറുത്ത സംഘ"ത്തിനായി പൊലീസിന്റെ ഊർജിത അന്വേഷണം. കറുത്തവസ്ത്രം ധരിച്ച നാലംഗ സംഘം ഒരാഴ്ച മുമ്പാണ് ഹവാലക്കാരിൽ നിന്ന് 'ഹൈസ്പീഡ് റാഞ്ചൽ’ നടത്തിയത്. പൊലീസ് ഭാഷയിൽ പറഞ്ഞാൽ 'ഹവാല പൊട്ടിക്കൽ". പരാതിക്കാരനടക്കം മൂന്ന് പേരെ ചോദ്യം ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളും വിവരശേഖരണം തുടങ്ങി.
കഴിഞ്ഞമാസം 25ന് രാത്രി 10.45ന് മണപ്പാട്ടിപ്പറമ്പ് എൽ.ഐ.സി ഓഫീസിന് മുന്നിലായിരുന്നു സംഭവം. ദുബായിൽ മൊബൈൽ ഫോൺ ഷോറൂം നടത്തുന്ന 26കാരനായ ഇടപ്പള്ളി സ്വദേശിക്ക് ഗൾഫിൽ നിന്ന് എത്തിയതായിരുന്നു 80 ലക്ഷം രൂപ. കലൂർ സ്വദേശിയായ സുഹൃത്തിനൊപ്പം മണപ്പാട്ടിപ്പറമ്പിലെത്തിയ യുവാവ്, ഇവിടെ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നു പണമടങ്ങിയ ബാഗും കവറും വാങ്ങുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ ആക്രമിസംഘം റാഞ്ചുകയായിരുന്നു.പണംകൊണ്ടുവന്ന ഇടപ്പള്ളി സ്വദേശിക്കും മർദ്ദനമേറ്റു.
രണ്ടു ദിവസം കഴിഞ്ഞ് പരാതി
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് 26കാരൻ പാരാതിയുമായി നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കവർച്ചയെക്കുറിച്ച് പൊലീസ് അറിയുന്നത്. ഗൾഫിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി സുഹൃത്തുക്കൾ അയച്ച പണമാണ് നഷ്ടപ്പെട്ടതെന്നും കവർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമായിരുന്നു പരാതി. തുടർന്ന് പണം കൊണ്ടുവന്ന ഇടപ്പള്ളി സ്വദേശിയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. ഗൾഫിൽ നിന്നുള്ള ഹവാല ഇടപാടിന്റെ വിവരം ചോർത്തി നൽകി പണം കവർന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്. പണവുമായി എത്തിയ ഇടപ്പള്ളി സ്വദേശിക്ക് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം
സി.സി ടിവി ക്യാമറകൾ പരിശോധിച്ച് ബൈക്കിൽ കടന്നവരിലേക്ക് എത്താനുള്ള നീക്കമാണ് നടത്തുന്നത്. ചില നിർണായക ദൃശ്യങ്ങൾ ലഭിച്ചതായും അറിയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നും നോർത്ത് പൊലീസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. യുവാക്കൾ കലൂർഭാഗത്തേയ്ക്ക് കടന്നതായാണ് സൂചന.
കോടികൾ മറിയുന്ന ഹവാല
ബാങ്കോ, സർക്കാരോ അറിയാതെയുള്ള പണമിടപാടുകളെയാണ് പൊതുവേ ഹവാലയെന്ന് പറയുന്നത്. തുക കൈമാറ്റത്തിന് വിദേശത്ത് ധാരണയാകുകയും പറഞ്ഞുറപ്പിച്ച തുക നാട്ടിൽ നൽകേണ്ട വ്യക്തിക്ക് ഇന്ത്യൻ കറൻസിയായി എത്തിക്കുകയും ചെയ്യുന്നു. അതിന് ഉപയോഗിക്കുന്ന കറൻസി കണക്കിൽപ്പെടാത്തതായിരിക്കും. വിനിമയനിരക്കും മൂല്യവും അനുസരിച്ച് ഇരുകക്ഷികൾക്കും നേട്ടമേറെയാണ്. കണക്കിൽ പെടാതെ കോടികൾ കൈമാറ്റംചെയ്യപ്പെടുന്നു.
80 ലക്ഷം രൂപയുടെ ഹവാല പണം
മൊബൈൽ ഫോൺ ഷോറൂം നടത്തുന്ന 26കാരനായ ഇടപ്പള്ളി സ്വദേശിക്ക് ഗൾഫിൽ നിന്ന് എത്തിയതായിരുന്നു തുക
പണവുമായി എത്തിയ ഇടപ്പള്ളി സ്വദേശിക്ക് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
ഹവാല ഇടപാടുകൾ നടത്തുന്ന ഗുണ്ടാക്വട്ടേഷൻ സംഘങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |