കോലഞ്ചേരി: ആളനക്കവും ജലകേളികളും നിലച്ച കോലഞ്ചേരിയിലെ ഇന്ദ്രാൻചിറ പഴയ പ്രതാപത്തിലേക്കെത്താൻ ഇനിയും ലക്ഷങ്ങൾ മുടക്കണം. സംസ്ഥാന വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച ശുദ്ധജല തടാകമാണ് ഇന്ദ്രാൻചിറ. ഇന്ന് ചിറ പായലുകൾ മൂടി ചെളി നിറഞ്ഞ നിലയിലാണ്.
നഗരത്തോട് ചേർന്ന് കിടക്കുന്ന മനോഹര തടാകം വൻ ടൂറിസം സാദ്ധ്യതയാണ് തുറന്നിട്ടിരുന്നത്. മൂന്നാറിലേക്കും മറ്റും പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളം കൂടിയാണ് ചിറ.
ഇന്ദ്രാൻ ചിറ
എട്ട് ഏക്കറിലധികം വിസ്തൃതിയുള്ളതാണ് ചിറ.ഐക്കരനാട് പഞ്ചായത്തിൽ മൂശാരിപ്പടിയിലെ പ്രധാന ജലസ്രോതസായ ചിറ കടുത്ത വേനലിലും ജലസമൃദ്ധമായിരുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കോലഞ്ചേരി ടൗണിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്ത് മൂശാരിപടിയിലാണ് ചിറ. ഇന്ദ്രാൻചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ എം.എൽ.എ എം.എം. മോനായി മുൻകൈയെടുത്ത് 2006ൽ വിനോദസഞ്ചാര വകുപ്പിന്റ സഹകരണത്തോടെ കുന്നത്തുനാട് മണ്ഡലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിറയിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചു. വള്ളംകളി മൂന്നുവർഷത്തോളം മുന്നോട്ടുപോയെങ്കിലും പിന്നീട് നിലച്ചു. 2016ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുകോടി രൂപയോളം മുടക്കി ചിറയുടെ സൗന്ദര്യവത്കരണം നടപ്പാക്കി. കെല്ലിനായിരുന്നു നിർമ്മാണ ചുമതല.
പായൽ അടിഞ്ഞു കൂടി
ജല സമൃദ്ധമായ ചിറയും പരിസരവും സേവ് ദി ഡേറ്റ്, വിവാഹ ഫോട്ടോ ഷൂട്ടുകാരുടെ ഇഷ്ട കേന്ദങ്ങളിലൊന്നായിരുന്നു. ആരും തിരിഞ്ഞു നോക്കാതായപ്പോൾ പായൽ കയറി ചിറ ചെളിയിൽ മൂടിയിരിക്കുകയാണ്. കുട്ടികൾക്കായുള്ള പാർക്ക്, കുടുംബസമേതം കൊട്ടവഞ്ചിയാത്ര, സാഹസികത ഇഷ്ടപ്പെടുന്നവർക്കകായി വാട്ടർ റോപ്പിംഗ്, വിശ്രമിക്കാൻ വൻമരങ്ങൾക്കിടയിൽ ഇരുനില ഹട്ടുകൾ, ബെഞ്ചുകൾ, ചൂണ്ടയിട്ടും വലയെറിഞ്ഞും മീൻപിടിക്കാനുള്ള സൗകര്യം, കുട്ടികൾക്കായി കളി ഉപകരണങ്ങൾ നിറഞ്ഞ പാർക്ക്, തുഴച്ചിലുകാർക്കായി കയാക്കിംഗ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി പദ്ധതികൾ നശിച്ചു. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണവിടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |