SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

'കോടികൾ' ഓഫർ ചെയ്തിട്ടും സുലൈമാൻ പൂട്ടി പൊലീസ്

padam

കൊച്ചി: പൊലീസുകാരന് മൂന്ന് കോടി രൂപ നൽകി, ഗോവയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി സുലൈമാൻ മുഹമ്മദ് ഖാനെ വീണ്ടും കൊച്ചി സിറ്റി പൊലീസ് പിടികൂടി. വീണ്ടും കോടികൾ വാഗ്ദനം ചെയ്തിട്ടും ഫലമുണ്ടായില്ല. പ്രതിയെ കരുതൽ അറസ്റ്റ് ചെയ്ത് പൊലീസ്.

ഭൂമി പിടിച്ചെടുക്കൽ, കൊലപാതകം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് 55കാരനായ സുലൈമാൻ. നാലുവർഷത്തോളം ഒളിവിലായിരുന്നു. 12നാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ സുലൈമാൻ പൊലീസുകാരനെ ചാക്കിലാക്കി, ക്രൈംബ്രാഞ്ചിന്റെ ലോക്കപ്പിൽ നിന്ന് ഇറങ്ങി അയാൾക്കൊപ്പം സ്കൂട്ടറിൽ രക്ഷപ്പെട്ടു.

19ന് സുലൈമാൻ കൊച്ചിയിലെത്തിയതായി ഗോവൻ പൊലീസ് കണ്ടെത്തി കേരളാ പൊലീസ് സഹായംതേടി. ഡി.ജി.പി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു. കളമശേരിയിലെ ഒരു വില്ലയിൽ ഒളിവിലുള്ളതായി 20ന് സ്ഥിരീകരിച്ചു. തൃക്കാക്കര എ.സി.പി പി.വി ബേബിക്ക് അന്വേഷണച്ചുമതല കൈമാറി. കൊടുംകുറ്റവാളിയാണെന്നോ അറസ്റ്റ് ചെയ്യണമെന്നോ അറിയിച്ചിരുന്നില്ല. നിരീക്ഷിക്കാൻ മാത്രമായിരുന്നു നിർദ്ദേശം.

പൊലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സുലൈമാൻ, ശിനിയാഴ്ച രാത്രി ഭാര്യയെയും മക്കളെയും കൂട്ടി കാറിൽ രക്ഷപ്പെടുമ്പോഴാണ് അറസ്റ്റ്. ഗോവൻ പൊലീസിൽ നിന്നാണ് സുലൈമാന്റെ ചരിത്രം അറിയുന്നത്. ഭൂമി കൈയേറ്റക്കേസിൽ കൂട്ടുപ്രതിയായ ഭാര്യയെയും കരുതൽ അറസ്റ്റ് ചെയ്തു. ഞായറാഴ്ച കൊച്ചിയിലെത്തിയ എസ്.ഐ.ടിക്ക് പ്രതികളെ കൈമാറി. ഗോവയിൽ രാഷ്ട്രീയവിവാദമായിരുന്നു സുലൈമാന്റെ രക്ഷപ്പെടൽ.

 കാറ് ചതിച്ചു
സുലൈമാനെ കുടുക്കിയത് സഹായിച്ച പൊലീസുകാരൻ ഒരുക്കിക്കൊടുത്ത ഹോണ്ട കാറായിരുന്നു. ജി.പി.എസ് പിന്തുടർന്നാണ് ഇയാൾ കൊച്ചിയിലുണ്ടെന്ന് കണ്ടെത്തിയത്. രക്ഷപ്പെടുന്ന സി.സി ടിവി ദൃശ്യമാണ് നിർണായകമായത്. രക്ഷപ്പെടുത്തിയ പൊലീസുകാരനെ ക്രൈംബ്രാഞ്ച് അറസ്റ്റും ചെയ്തു.

 ആ നമ്പർ ഏറ്റില്ല

സുലൈമാൻ കളമശേരിയിൽ പിടിയിലായപ്പോൾ രക്ഷപ്പെടുത്തിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്ന് പൊലീസുകാർക്ക് വാഗ്ദനം ചെയ്തു. ഇതിലൊന്നും വീണില്ലെന്ന് മാത്രമല്ല, കസ്റ്റഡിൽ എടുക്കുന്നതിന് പകരം കരുതൽ അറസ്റ്റാക്കി.

രക്ഷപ്പെട്ടുപോകാനുള്ള ശ്രമമാണെന്ന് വ്യക്തമായതോടെയാണ് കരുതൽ അറസ്റ്റിലേക്ക് കടന്നത്. പ്രതികളെ ഗോവൻ എസ്.ഐ.ടിക്ക് കൈമാറി

പി.വി. ബേബി

അസി. പൊലീസ് കമ്മിഷണർ

തൃക്കാക്കര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL