
കൊച്ചി: പിറ്റ് ലൈനും പ്രത്യേക പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരും ഉണ്ടായിട്ടും കൊച്ചിക്ക് വന്ദേഭാരതില്ല. സർവീസ് നടത്തിയിരുന്നത് നിറുത്തലാക്കിയതോടെ പൊന്നുരുന്നി മാർഷലിംഗ് യാർഡിലെ പിറ്റ്ലൈൻ മറ്റ് ട്രെയിനുകളുടെ സർവീസിംഗിനായി ഉപയോഗിക്കുകയാണ്. ബംഗളൂരുവിലേക്ക് വന്ദേഭാരത് സർവീസുകൾ ആദ്യഘട്ടത്തിൽ കുറവായതിനാലാണ് കൊച്ചി-ബംഗളൂരു സർവീസിന് തിരുവനന്തപുരം ഡിവിഷൻ തീരുമാനിച്ചത്. പിന്നീട് മധുര, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സർവീസ് ആരംഭിച്ചതോടെ ബംഗളൂരുവിൽ പ്ലാറ്റ്‌ഫോം ഒഴിവില്ലാതായി.
കഴിഞ്ഞ ജൂലായ് 31നാണ് എറണാകുളം ബംഗളൂരു സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഒരുമാസം തികയും മുമ്പ് ആഗസ്റ്റ് 26ന് ട്രെയിൻ സർവീസ് നിറുത്തി. സൗകര്യപ്രദമായ സമയം അല്ലാതിരുന്നതിനാൽ അവധി ദിവസങ്ങളിൽ മാത്രമേ ട്രെയിനിൽ യാത്രക്കാർ ഉണ്ടായിരുന്നുള്ളൂ.
കൊച്ചി- കോയമ്പത്തൂർ വന്ദേഭാരതിനായി ആലോചനകൾ വന്നെങ്കിലും നടപടിയിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ തിരുവനന്തപുരം ഡിവിഷൻ സന്നദ്ധരാണ്. എന്നാൽ ആവശ്യമായ പ്ലാറ്റ്ഫോമുകൾ ലഭ്യമാകണം.
യാർഡുകൾ
മംഗലാപുരം, തിരുവനന്തപുരം കൊച്ചുവേളി എന്നിവിടെയാണ് വന്ദേഭാരതിന് യാർഡുകൾ. ദിവസവും ആധുനിക ട്രെയിനുകൾ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികളുമാണ് നടക്കുന്നത്. വൈറ്റിലയിലെ പൊന്നുരുന്നി മാർഷലിംഗ് യാർഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സർവീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഡീസൽ ട്രെയിനുകളുടെ സർവീസ് നടത്തുന്ന ഇവിടുത്തെ ഒരു പിറ്റ് ലൈൻ വന്ദേഭാരതിന് മാറ്റി. ഇതിലേക്ക് വൈദ്യുതി കണക്ഷൻ വലിച്ചു. ഡീസൽ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ പിറ്റിൽ ഇപ്പോൾ ഡീസൽ ട്രെയിനുകളുടെ സർവീസാണ് നടത്തുന്നത്.
പുതിയ റേക്ക് കേരളത്തിലെത്തി
തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനുള്ള 20 കോച്ചുള്ള പുതിയ റേക്ക് കേരളത്തിലെത്തി. ഓറഞ്ച് നിറത്തിലുള്ള റേക്കാണിത്. സർവീസ് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. തീയതി നിശ്ചയിച്ചിട്ടില്ല.
1440 പേർക്കു സഞ്ചരിക്കാം. 16 കോച്ചുകളുള്ള ട്രെയിനിൽ 1128 സീറ്റുകളാണ് ഉണ്ടായിരുന്നത്. 18 ചെയർ കാർ കോച്ചുകളും 2 എക്‌സിക്യുട്ടീവ് ക്ലാസ് കോച്ചുകളുമാണ് 20 കോച്ച് ട്രെയിനുകളിൽ നിലവിലുള്ളത്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലും ഇതേ കോച്ച് ക്രമത്തിനാണു സാദ്ധ്യത.
പുതിയ റേക്ക്
20 കോച്ചുള്ള പുതിയ റേക്ക്
18 ചെയർ കാർ കോച്ചുകളും
2 എക്‌സിക്യുട്ടീവ് ക്ലാസ് കോച്ചും
1440 പേർക്കു സഞ്ചരിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |