
കാക്കനാട്: വഴക്കാല ചെമ്പുമുക്ക് മേരി മാതാ സ്കൂളിന് സമീപത്തെ ആക്രി ഗോഡൗൺ കത്തിനശിച്ചു. രാവിലെ 9.45നാണ് സംഭവം. ആളപായമില്ല. ഗോഡൗൺ ജീവനക്കാർ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കറുത്ത പുക പടർന്നതോടെ സമീവാസികൾ പരിഭ്രാന്തിയിലായി.
ഗോഡൗണിൽ പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. ഗ്യാസ് കട്ടർ ഉപയോഗിക്കുന്ന സമയത്ത് പ്ലാസ്റ്റിക് ഉപകരണങ്ങളിലേക്ക് തീ പടർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗോഡൗൺ ഉടമ ചിറ്റേത്തുകര സ്വദേശി എം.എസ്. കബീർ പറഞ്ഞു.
സ്കൂളിന് സമീപത്ത് വലിയ ജനവാസ മേഖലയിൽ 27 സെന്റ് സ്ഥലത്താണ് താൽക്കാലിക ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. അപകട സമയം ഒരു മലയാളിയും രണ്ട് അന്യസംസ്ഥാനക്കാരുമാണ് ജോലിക്കാരായി ഉണ്ടായിരുന്നത്.
തൃക്കാക്കര നഗരസഭയിൽ ഏഴു വർഷമായി പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിന് ലൈസൻസില്ല. സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ല. ജി.ഐ.ഷീറ്റ് ചുറ്റിലും ഉയർത്തിക്കെട്ടിയിരുന്നതിനാൽ അഗ്നിബാധ അതിനുളളിൽ ഒതുങ്ങി. ചേർന്ന് വീടുകൾ ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. നോർത്ത് പറവൂർ, പട്ടിമറ്റം, തൃക്കാക്കര, ഗാന്ധിനഗർ, ക്ലബ്ബ് റോഡ്, ഏലൂർ, തൃപ്പൂണിത്തറ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ രണ്ട് മണിക്കൂറെടുത്ത് തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ മാസം രണ്ടിന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള സ്ക്രാപ്പ് ഗോഡൗണിലും വൻ അഗ്നിബാധയുണ്ടായിരുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെ നൂറുകണക്കിന് ആക്രിഗോഡൗണുകൾ എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |