
കൊച്ചി: ജയൻകുട്ടൻ ഇല്ലെന്ന് വിശ്വസിക്കാൻ പാലിയംകാർക്ക് ഇനിയും സാധിച്ചിട്ടില്ല. കുട്ടിക്കാലത്ത് ഓടിനടന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളാനായാണ് നാട്ടുകാരുടെ പ്രിയ ജയൻകുട്ടനെന്ന ഗായകൻ പി. ജയചന്ദ്രൻ ഇന്നലെ പാലിയം തറവാട്ടിലേക്കെത്തിയത്. തങ്ങളുടെ സ്വകാര്യ അഭിമാനമായ ജയചന്ദ്രനെ കാണാൻ ആയിരത്തോളം നാട്ടുകാരാണെത്തിയത്. പൊരിവെയിലത്ത് അന്ത്യകർമ്മങ്ങൾ നടക്കുന്നതുവരെ അവർ കാത്തുനിന്നു. ബന്ധുക്കൾ മാത്രമായി അടച്ചമുറിയിൽ സംസ്കാരച്ചടങ്ങുകൾ നടത്തിയതിനാൽ ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡൻ എം.പിയും കാണാനായി മണിക്കൂറോളം പുറത്ത് കാത്തിരുന്നു.
വാതിൽ എപ്പോൾ തുറക്കുമെന്ന ചോദ്യം പൊലീസിനോടും മ്യൂസിയം അധികൃതരോടും നാട്ടുകാർ ചോദിച്ചു കൊണ്ടേയിരുന്നു. ഒന്നര മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് കാണാൻ അവസരം ലഭിച്ചത്.
വരിയായി നിന്ന് ഓരോരുത്തരായി കണ്ട് പോകണമെന്നായിരുന്നു നിർദ്ദേശം. നാട്ടുകാരുടെ മനസിലുണ്ടായിരുന്ന ആ മുഖം മാറിയത് കണ്ട് എല്ലാവരും വിങ്ങിപ്പൊട്ടി.
തിങ്ങി നിറഞ്ഞ് ജനക്കൂട്ടം
ചടങ്ങ് നേരത്തെയാക്കിയത് അറിയാതെ എത്തിയവർക്ക് ആ അവസരവും നഷ്ടപ്പെട്ടു. പിന്നെ പാലിയം തറവാടിന്റെ മുറ്റത്ത് തടിച്ച് കൂടിയവർ ഞങ്ങളെ ഒന്ന് കാണിക്കുമോയെന്ന് ചോദിച്ചപ്പോഴേയ്ക്കും ചുവപ്പ് കച്ചയിൽ ജയൻകുട്ടനെ മൂടിയിരുന്നു.
എന്നാൽ ചിലർ ഞങ്ങൾക്ക് പഴയ മുഖം മാത്രം മതി ആ ശബ്ദം എന്നും ഞങ്ങൾക്ക് ഓർമ്മയ്ക്കായുണ്ടെന്ന വിശ്വാസം അവർക്ക് കൂട്ടായിട്ടുണ്ട്.
പാലിയം തറവാടിന് മുമ്പിലെ വളപ്പിൽ ഒരുക്കിയ ചിതയിലേക്ക് എത്തിച്ചപ്പോഴും മതിലിലും ഗെയിറ്റിലും താങ്ങി നിന്ന് അവർ മുഖം മൂടിയതാണെങ്കിലും ജയചന്ദ്രനെ കാണാനായി കാത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |