
കൊച്ചി: തെങ്ങുകയറ്രക്കാർക്ക് ആശ്വാസമേകാൻ നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വ്യാപിപ്പിക്കുകയാണ്. തെങ്ങുകയറ്റക്കാർക്കും ചെത്തുകാർക്കും 7ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസാണ് നൽകുക. മുൻ വർഷങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷയായി നൽകിയിരുന്ന 5ലക്ഷം രൂപ വർദ്ധിപ്പിച്ചാണ് 7ലക്ഷം രൂപയാക്കിയത്. 18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാർഷിക പ്രീമിയമടച്ച് ഇൻഷ്വറൻസ് പരിരക്ഷ നേടാൻ സാധിക്കും. രണ്ടു ലക്ഷം രൂപ വരെ ചികിത്സാ ചെലവുകൾക്കുള്ള ധനസഹായമായും ലഭിക്കും.
ആദ്യ വർഷം സൗജന്യം
നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷ്വറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും. കൃഷി ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ, സി.പി.സി ഡയറക്ടർ തുടങ്ങിയവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, വയസ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓൺലൈൻ പേയ്മെന്റ് സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, കേര ഭവൻ, എസ്.ആർ.വി റോഡ്, കൊച്ചി - 682011, എന്ന വിലാസത്തിൽ അയയ്ക്കാം. ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് : www.coconutboard.gov.in, 04842377266.
ഇൻഷ്വറൻസ് തുക 7ലക്ഷം
പ്രായം 18നും 65നും ഇടയിൽ
വാർഷിക പ്രീമിയം 239രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |