
തിരുമാറാടി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടു ചോദിച്ചെത്തിയ സ്ഥാനാർത്ഥിയോട് വിദ്യാർത്ഥിനിയായ ഒലിയപ്പുറം വഴിനടയിൽ വീട്ടിൽ മിനിമോൾ ഡി. ശങ്കർ ഒന്നേ പറഞ്ഞുള്ളൂ. 'വോട്ടുവേണേൽ വഴി വേണം.' ജയിച്ചാൽ ഇറങ്ങുംമുമ്പ് വഴി ഒരുക്കുമെന്ന് സ്ഥാനാർത്ഥിയും പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി സിബി. പി. ജോർജ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി. ജയിച്ചപ്പോൾ സിബി കൊടുത്ത വാക്ക് മറന്നില്ല. മിനിമോളുടെയും നാട്ടുകാരുടെയും ആവശ്യമായിരുന്ന വടകര സെന്റ് ജോൺസ് സ്കൂളിന്റെ അടുത്ത് നിന്ന് ഒലിയപ്പുറം ഭാഗത്തേക്കുള്ള ഒലിയപ്പുറം വടക്ക്-വാളാക്ക് പാടശേഖരത്തിലൂടെയുള്ള വഴി യാഥാർത്ഥ്യമാക്കുകയാണ് ഈ മെമ്പർ. തിരുമാറാടി പഞ്ചായത്തിൽ ആറാം വാർഡിൽ ആണ് 40 ലക്ഷം രൂപ ചിലവിൽ ഫാം റോഡിന്റെയും ലീഡിംഗ് ചാനലിന്റെയും പണി നടക്കുന്നത്.
മുമ്പ് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയുണ്ടായിരുന്നു ഇവിടെ. 28 വർഷങ്ങൾക്ക് മുൻപ് ഈ ഭാഗത്തു കൂടെ എം.വി. ഐ.പി കനാൽ വന്നപ്പോൾ ഇവിടെ പാടത്തേക്ക് വെള്ളം ഇറങ്ങി നടപ്പാത ഇല്ലാതായി. ഒലിയപ്പുറം ഭാഗത്തു നിന്ന് വടകര സെന്റ് ജോൺസ് സ്കൂളിലേക്ക് പോകാൻ വിദ്യാർത്ഥികൾ അടക്കം ഉപയോഗിച്ചിരുന്നതാണ് ഈ വഴി. ഒലിയപ്പുറത്തേക്കെത്താൻ എളുപ്പവഴിയാണ് ഇത്.
കെ.എൽ. ഡി. സി യുടെ റീ എസ്റ്റിമേറ്റ് പ്രകാരം പാടത്തിനു കുറുകെ നടപ്പാതയ്ക്ക് പകരം 8 അടി വീതിയുള്ള 190 മീറ്റർ റോഡും, 175 മീറ്റർ ലീഡിംഗ് ചാനലും ആണ് നിലവിൽ പണിയുന്നത്. ഭാവിയിൽ ഇത് പുതിയ പദ്ധതിയിൽപ്പെടുത്തി ഫാം റോഡും ലീഡിംഗ് ചാനലും കണ്ണിത്ത് കോളനി റോഡിലേക്ക് എത്തിക്കാനും ശ്രമിക്കും. അഡ്വ അനൂപ് ജേക്കബ് എം. എൽ.എ, പഞ്ചായത്ത് വൈസ് പ്രഡിഡന്റ് എം. എം ജോർജ് തുടങ്ങിയവർ പൂർണ പിന്തുണ നൽകുന്നുണ്ട്.
സിബി. പി. ജോർജ്
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.
പാടത്തിനു കുറുകെ പൂർവ്വികർ ഉപയോഗിച്ചിരുന്ന വഴി വന്നാൽ ഞങ്ങൾക്ക് ഒലിയപ്പുറം ഭാഗത്തേക്ക് എത്തുവാൻ നിസാര സമയം മതി. അതുപോലെ തന്നെ സെന്റ് ജോൺസ് സ്കൂളിലേക്ക് കുട്ടികൾക്ക് പെട്ടെന്ന് എത്തിച്ചേരാനും സാധിക്കും. ഇപ്പോൾ വടകര ചുറ്റി ആണ് ഒലിയപ്പുറം എത്തുന്നത്.
മിനിമോൾ ഡി. ശങ്കർ
വിദ്യാർത്ഥിനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |