SignIn
Kerala Kaumudi Online
Sunday, 31 May 2026 9.43 AM IST

 മഹാശിവ രാത്രി: ജനലക്ഷങ്ങളെ വരവേൽക്കാൻ ഒരുങ്ങി ആലുവാ മണപ്പുറം

temple

 ഹരിത ശിവരാത്രിയെന്ന് നഗരസഭ

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് 26ന് ആലുവ മണപ്പുറത്തെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കുന്നതിനും ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി. തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശിവരാത്രിയുടെ ഭാഗമായുള്ള ആദ്ധ്യാത്മിക ചടങ്ങുകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കും. വ്യാപാര മേളയും വിനോദപരിപാടികളും ഇടയിൽ വരുന്ന മണപ്പുറം ക്ഷേത്രോത്സവവും കൂടിയാകുമ്പോൾ മദ്ധ്യകേരളത്തിലെ പ്രധാന ആഘോഷമായി ആലുവ ശിവരാത്രി മാറും. ഒരു മാസം മണപ്പുറം ഉത്സവലഹരിയിലാകും. നിത്യേന ആയിരങ്ങൾ മണപ്പുറത്തേക്കെത്തും.

മണപ്പുറത്ത് താത്കാലിക മുനിസിപ്പൽ ഓഫീസ് ഇന്ന് പ്രവർത്തനമാരംഭിക്കും. മേള കഴിയുന്നതുവരെ തുടരും. ശിവരാത്രിയാഘോഷം സുരക്ഷിതമാക്കുന്നതിന് നഗരസഭയ്ക്ക് പുറമെ ജില്ലാ ഭരണകൂടം, ദേവസ്വം ബോർഡ്, പൊലീസ് എന്നീ തലങ്ങളിലും നടപടിയെടുത്തിട്ടുണ്ട്.

 സർവ്വ സജ്ജം
സുരക്ഷക്കായി 1500 ഓളം പൊലീസുണ്ട്.

യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സിക്കായി താത്കാലിക ബസ് സ്റ്റേഷനും ഗ്യാരേജും മണപ്പുറത്തുണ്ടാകും.

സ്വകാര്യ ബസുകൾ പ്രത്യേക സർവീസുകൾ നടത്തും.

മണപ്പുറത്ത് കുടിവെള്ള ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കും.
ജില്ലാ ആശുപത്രിയുടെ മെഡിക്കൽ ടീം ഉണ്ടാകും. ഹോമിയോ ആശുപത്രിയുമുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ ടീമും, ഷാഡോ ടീം എന്നിവയുണ്ടാകും.

 പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ശിവരാത്രി ദിനത്തിൽ മെട്രോ രാത്രി സർവീസുകൾ സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പ് ഓഫീസ്, മീഡിയ റൂം, സൗജന്യ ചുക്കുകാപ്പി വിതരണ സ്റ്റാൾ എന്നിവയും മണപ്പുറത്ത് ഉണ്ടാകും.

ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ

മണപ്പുറത്ത് എത്തിച്ചേരുന്നവർക്കായി നഗരസഭ ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തും. ആവശ്യമായത്ര പൊതുടോയ്‌ലറ്റുകൾ മണപ്പുറത്ത് ഉണ്ടാകും. മുനിസിപ്പൽ ഓഫീസ്, ടൗൺ ഹാളുകൾ, ഗാന്ധി സ്‌ക്വയർ, മാർത്താണ്ഡവർമ്മ പാലം, നടപ്പാലം, പാർക്ക് എന്നിവിടങ്ങളിൽ ദീപാലകൃതമാക്കി. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പ്രകാരമായിരിക്കും .

ഡി.ജെ. അമ്യൂസ്‌മെന്റ്‌സ്


പാലക്കാട് കേന്ദ്രമായ ഡി.ജെ. അമ്യൂസ്‌മെന്റ്‌സാണ് ഇക്കൊല്ലം വ്യാപാരമേളയും അമ്യൂസ്‌മെന്റ് പാർക്കും ഏറ്റെടുത്തിട്ടുള്ളത്. വൈവിദ്ധ്യങ്ങളായ റൈഡുകൾക്ക് പുറമെ 'ഗുണ കേവ്' ഇത്തവണത്തെ പ്രധാന ആകർഷണ മായിരിക്കും.

വ്യാപാരമേളയിൽ ഉത്സവ പറമ്പുകളിലെ എക്കാലത്തേയും നിറസാന്നിധ്യമായ കപ്പലണ്ടി മുതൽ ആധുനിക ഇലക്ട്രോണിക്ക് ഉല്പന്നങ്ങൾ വരെ ഉണ്ടാകും. ശിവരാത്രിയുടെ ഭാഗമായുള്ള 'ദ്യശ്യോത്സവം' മാർച്ച് 16ന് ആരംഭിക്കും. മണപ്പുറത്തെ ടെലിഫോൺ നമ്പരുകൾ: മുനിസിപ്പൽ ഓഫീസ് 2602700, പൊലീസ് സ്റ്റേഷൻ 2602800.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SIVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL