
കൊച്ചി: കൗമാരക്കാർക്ക് സുരക്ഷയുടെ കവചമൊരുക്കാൻ സ്‌കൂളുകളിൽ അമ്മമാരുടെ കൂട്ടായ്‌മ രംഗത്തിറങ്ങി. എറണാകുളം ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലാണ് 'പ്രശക്തി മാതൃസംഗമം" കൂട്ടായ്‌മ ആരംഭിച്ചത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിടുന്ന വിപത്തുകളെ നേരിടാൻ കുടുംബവും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ മുഖ്യപങ്ക് വഹിക്കുകയാണ് അമ്മമാരുടെ ലക്ഷ്യം.
കുട്ടികളുടെ സ്വഭാവവും ഗുണങ്ങളും കുടുംബത്തിൽ നിന്ന് ആരംഭിക്കുന്നതിനാലാണ് അമ്മമാർ രംഗത്തിറങ്ങുന്നത്. അച്ചടക്കമുള്ള കുട്ടികൾ ഭാവിയിൽ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറും. കുട്ടികളുടെ സ്വഭാവവും ശീലങ്ങളും രൂപപ്പെടുന്ന മറ്റൊരു പ്രധാനസ്ഥലമാണ് സ്‌കൂളുകൾ. അമ്മ, അദ്ധ്യാപകൻ, വിദ്യാലയം എന്നിവ ഒന്നിക്കുമ്പോഴാണ് നല്ല തലമുറയുടെ വളർച്ച ഉറപ്പാക്കാൻ സാധിക്കുന്നത്. തിന്മകളെ ആദ്യഘട്ടത്തിൽ തന്നെ തടയാൻ അമ്മമാർക്ക് നിർണായക പങ്ക് വഹിക്കാനാകും. കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്‌ടർ എൻ.എസ്.കെ ഉമേഷാണ് നിർവഹിച്ചത്. പദ്ധതി സംസ്ഥാതലത്തിൽ നടപ്പാക്കുമെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് പറഞ്ഞു.
പ്രശക്തി ഉറപ്പുവരുത്തുന്നത്
കുട്ടികളുമായി സുതാര്യമായ ആശയവിനിമയം
സൗഹൃദങ്ങൾ മനസിലാക്കൽ
തക്കസമയത്ത് ഇടപെടൽ
സ്‌നേഹപൂർവമായ നിർദേശങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണം
അമ്മമാരെ വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും ഉറപ്പാക്കി ആത്മവിശ്വാസവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യം.
ഡോ. ഇന്ദിരാ രാജൻ
നാഷണൽ സെക്രട്ടറി ജനറൽ
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |