
കൊച്ചി: കൂന്തലുകളെക്കുറിച്ച് പഠിക്കാൻ കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ. ഷെൽഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ . ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ.കെ.കെ.സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായി ദക്ഷിണധ്രുവത്തിലെത്തിയത്. 47 ദിവസത്തെ പര്യവേഷണത്തിൽ 36 ദിവസം പിന്നിട്ടു.
പര്യവേഷണത്തിൽ 42 ഗവേഷകരാണുള്ളത്. കൂന്തൽ സാമ്പിളുകൾ ശേഖരിക്കുകയാണിപ്പോൾ. ശേഖരിച്ച കൂന്തൽ കുഞ്ഞുങ്ങളെ (പാരാ ലാർവെ) സി.എം.എഫ്.ആർ.ഐയിൽ തിരിച്ചെത്തി വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
കൂന്തലിന്റെ ലഭ്യത പഠന ലക്ഷ്യം
1. കൂന്തലിന്റെ ലഭ്യതയും അന്റാർട്ടിക്കൻ ആവാസവ്യവസ്ഥയിൽ അവയുടെ പങ്കും പഠിക്കും
2. ദക്ഷിണധ്രുവ പ്രദേശങ്ങളിൽ ഇവയുടെ ജൈവവൈവിദ്ധ്യം ശാസ്ത്രീയമായി മനസിലാക്കാനാകും.
3. ഇവയടെ ചെവിക്കല്ല് വിശകലനം ചെയ്ത് ഈ കൂന്തൽ ഇനങ്ങളുടെ വയസും വളർച്ചയും കണ്ടെത്താനുമാകും.
4. പഠനങ്ങൾ അന്റാർട്ടിക് സമുദ്രത്തിൽ ഇവയുടെ സമൃദ്ധിയും ശാസ്ത്രീയ സ്വഭാവവും മേഖലയിൽ അവയുടെ പാരിസ്ഥിതിക പ്രാധാന്യവും മനസിലാക്കാൻ സഹായിക്കും. 5. ദക്ഷിണദ്രുവ സമുദ്രത്തിലെ പറക്കും കൂന്തലിന്റെ ലഭ്യതയും പഠനവിധേയമാക്കുന്നുണ്ട്.
ദൈത്യം ശ്രമകരം
മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഗവേഷണ കപ്പൽ നിറുത്തിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ചുഴലിക്കാറ്റിന്റെ വരവും അതിശക്തമായ കാറ്റും കാരണം ഇളകി മറിയുന്ന കടലിൽ പലപ്പോഴും സാമ്പിൾ ശേഖരണം അതീവ ദുഷ്കരമാണ്. ഇതു വരെ, സഞ്ചാരപാതയിൽ മൂന്ന് ചുഴലിക്കാറ്റുകളെ നേരിടേണ്ടി വന്നു. താഴ്ന്ന മർദ്ദവും ഭീമൻ തിരമാലകളും ശക്തമായ കാറ്റോടെയുള്ള അതിശൈത്യവും അവഗണിച്ചാണ് സർവേ നടത്തിവരുന്നത്. -22 ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ മഞ്ഞുമലകൾക്കിടയിലൂടെയും പൊങ്ങിക്കിടക്കുന്ന ഐസ് പാളികളിലൂടെയും സഞ്ചരിച്ച് ഡേറ്റ ശേഖരണം നടത്തൽ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഡോ. സജികുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |