
കൊച്ചി: വീട്ടമ്മമാരുടെ ഇത്തിരിക്കുഞ്ഞൻ വരുമാനം വളർന്ന് 9,369 കോടിയായി. വീട്ടുമുറ്റത്തെ ബാങ്ക് എന്നറിയപ്പെടുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലാണ് തുക നിക്ഷേപമായെത്തിയത്.
1998 മുതൽ കുടുംബശ്രീ മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് അയൽക്കൂട്ടതലത്തിൽ സമ്പാദ്യ സമാഹരണത്തിന് തുടക്കം.
ആഴ്ചകളിൽ എല്ലാ അംഗങ്ങളും കുറഞ്ഞത് പത്തുരൂപ വീതം നിക്ഷേപിക്കണം എന്നതായിരുന്നു തുടക്കത്തിലെ വ്യവസ്ഥ. ക്രമേണ അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലും വർദ്ധനയുണ്ടായി. 500 രൂപ വരെ ആഴ്ചകളിൽ നിക്ഷേപിക്കുന്ന അയൽക്കൂട്ടങ്ങളുണ്ട്. 10 മുതൽ 20 വരെ അംഗങ്ങളുള്ള അയൽക്കൂട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗത്തിന് എത്ര തുക ആഴ്ചയിൽ നിക്ഷേപിക്കാൻ പറ്റുമോ, ആ തുകയാണ് എല്ലാ അംഗങ്ങളും അടയ്‌ക്കേണ്ടത്. ഈ ആഴ്ചനിക്ഷേപത്തിൽ നിന്നാണ് അയൽക്കൂട്ടത്തിൽ നിന്നുള്ള ലോണും ബാങ്ക് ലോണുകളും അംഗങ്ങൾക്ക് നൽകുന്നത്. ഇതുവരെ 28,723.89 കോടിരൂപ ആന്തരിക വായ്പാ ഇനത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
കൃത്യമായ ബാങ്ക് ഇടപാട്
സംസ്ഥാനത്ത് 3,17,724 അയൽക്കൂട്ടങ്ങളിലായി 48,08,837 അംഗങ്ങളുണ്ട്. ഇവർക്ക് സാമ്പത്തിക സാക്ഷരത നേടിക്കൊടുക്കുന്നതിൽ മൈക്രോഫിനാൻസ് പദ്ധതി പങ്കു വഹിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവരാണ് എല്ലാ അംഗങ്ങളും. 3.07 ലക്ഷം അയൽക്കൂട്ടങ്ങൾ ബാങ്കുമായി ലിങ്ക് ചെയ്തു കഴിഞ്ഞു. സ്വന്തമായി ഡിജിറ്റലായും നേരിട്ടും പണമിടപാടുകൾ നടത്താനുള്ള ശേഷിയും ഇവർ കൈവരിച്ചു. പുതുതലമുറ ബാങ്കുകളും അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകാൻ മുന്നോട്ടു വരുന്നുണ്ട്. തിരിച്ചടവിലെ കൃത്യതയാണ് കാരണം.
വരുമാന നിക്ഷേപം - 9,369 കോടി
ഇതുവരെ നൽകിയ വായ്പ - 28,723.89 കോടി
ആകെ അയൽക്കൂട്ടങ്ങൾ - 3,17,724
ആകെ അയൽക്കൂട്ട അംഗങ്ങൾ - 48,08,837
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |