SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

അഭയാരണ്യത്തിൽ കുഞ്ഞിക്കാൽ പിച്ചാ....പിച്ചാ

elephant

കൊച്ചി: കപ്രിക്കാട് അഭയാരണ്യത്തിലെ മൂന്നുദിവസം പ്രായമായ പിടിയാനക്കുട്ടി അതിജീവന പാതയിൽ പിച്ചവച്ച് തുടങ്ങി. വനംവകുപ്പ് അസി.വെറ്ററിനറി സർജന്റെയും പരിപാലകരുടെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി അടച്ചിട്ട മുറിയിലാണ് പരിചരണം.

തുമ്പിക്കൈയും വാലും ചെവിയും തുരുതുരാ ചലിപ്പിച്ചും ചെറിയ ശബ്ദങ്ങൾ മുഴക്കിയുമുള്ള അവളുടെ ഓരോ ചുവടും വനംവകുപ്പിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ദു:ഖവെള്ളിയാഴ്ചയാണ് പെറ്റതള്ള ഉപേക്ഷിച്ചുപോയ കുട്ടിയാനയെ വനംവകുപ്പ് കണ്ടെത്തിയത്. മലയാറ്റൂർ വനമേഖലയിൽ നിന്ന് എത്തിയതായിരുന്നു ആനക്കൂട്ടം. അഭയരാണ്യത്തിനടുത്തുള്ള പമ്പ് ഹൗസിന് സമീപം പ്രസവിച്ച് അധികം വൈകാതെ കലുങ്കിനിടയിൽപ്പെട്ടുപോയ കുട്ടിയെ വീണ്ടെടുക്കാനാവാതെ ആനക്കൂട്ടം കാടുകയറുകയായിരുന്നു.

കാട്ടാനകൾക്ക് ഒരു മാസത്തിന് ശേഷവും നാട്ടാനകൾക്ക് ജനിച്ച് രണ്ടു മാസത്തിനു ശേഷവുമേ ശരിയായ കാഴ്ചശക്തി ലഭിക്കൂ. കാട്ടാനകളെ ഈ സമയം അമ്മയാനയും കൂട്ടത്തിലെ മറ്റ് ആനകളും (ആയമാർ) കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചാണ് കുഞ്ഞുങ്ങളെ വഴിനടത്തുന്നത്. അമ്മയുടെ മുലപ്പാലും പരിചരണവും ലഭിക്കാത്ത നവജാതശിശുവിന്റെ അതിജീവനം ഏറെ പ്രയാസമേറിയതാണ്.

വനംവകുപ്പിന്റെ കസ്റ്റ‌ഡിയിലെ ആദ്യ രണ്ടുദിവസങ്ങളിൽ കരിക്കിൻവെള്ളവും ഗ്ലൂക്കോസുമായിരുന്നു ഭക്ഷണം. ഇന്നലെ മുതൽ കരിക്കിൻവെള്ളവും പാൽപ്പൊടി ചേർത്ത ഭക്ഷണവും നൽകി തുടങ്ങി. നാലുമാസത്തിന് ശേഷമേ പച്ചിലകൾ ഉൾപ്പെടെ കഴിക്കാറാകൂ. അതുവരെ കൃത്രിമഭക്ഷണവും അണുവിട പിഴയ്‌ക്കാത്ത പരിചരണവും ആവശ്യമാണ്. അഭയാരണ്യത്തിലെ പരിചയസമ്പന്നരായ രണ്ട് പാപ്പാന്മാരാണ് ആനക്കുട്ടിയുടെ വളർത്തമ്മമാർ. ഇവിടെ

വേറെയും 7 ആനകൾ ഉണ്ട്. ഇത്രയും ചെറിയ കുട്ടിയെ കിട്ടുന്നത് ഇത് ആദ്യമാണ്.

 കാട്ടിലെ രീതി

ആനകളുടെ കുട്ടിക്കാലത്തിന് ദൈർഘ്യം കൂടുതലാണ്. കൂട്ടത്തിലെ മുതിർന്നവരിൽനിന്നുള്ള അറിവും ശിക്ഷണവും കൂടിയേ തീരൂ. ആനകൾ സാമൂഹ്യജീവിതം നയിക്കുന്നവയാണ്. ഓരോ കൂട്ടവും ഓരോ കുടുംബമാണ്. സംഘത്തിലെ എല്ലാ പിടിയാനകളും ചേർന്നാണ് കുട്ടിയാനകളെ ബാല്യ കൗമാരകാലങ്ങളിൽ പരിപാലിക്കുന്നത്. ജനിച്ചയുടനെ മുതിർന്ന ആനകൾ കുട്ടിയാനയുടെ ചുറ്റുംകൂടി അതിനെ തുമ്പിക്കൈ കൊണ്ട് തൊട്ടും തലോടിയും വാത്സല്യമറിയിക്കും. ആദ്യദിവസങ്ങളിൽ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് കുട്ടികൾ ചുറ്റുമുള്ള ലോകം മനസിലാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL