
കൊച്ചി: മുഖ്യമന്ത്രിക്ക് പുറമെ മൂന്ന് മന്ത്രിമാരെയും ലഭിച്ചതിന്റെ അഭിമാനത്തിലും ആവേശത്തിലും പ്രതീക്ഷയിലുമാണ് എറണാകുളം ജില്ല. മുമ്പ് രണ്ടുതവണ മൂന്ന് മന്ത്രിമാരെ വീതം ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കുറി മുഖ്യമന്ത്രിയും ജില്ലയിൽ നിന്നാണ്. സ്വന്തം മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ജില്ലയിലെ 14 സീറ്റിലും വിജയിച്ച യു.ഡി.എഫ് ആഘോഷമാക്കി.
വി.ഡി. സതീശന്റെ ഉറ്റ അനുയായിയും ഡി.സി.സി പ്രസിഡന്റും നിയുക്ത കൊച്ചി എം.എൽ.എയുമായ മുഹമ്മദ് ഷിയാസ് ഉൾപ്പെടെ കോൺഗ്രസ്, ഘടകക്ഷി നേതാക്കളും പറവൂരിൽ നിന്നുള്ള വൻസംഘവും സത്യപ്രതിജ്ഞ കാണാൻ തലസ്ഥാനത്ത് എത്തിയിരുന്നു.
രണ്ടാം പിണറായി സർക്കാരിൽ പി. രാജീവ് മാത്രമായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാരിൽ ജില്ലയിൽ നിന്ന് ആരുമുണ്ടായില്ല. പി. രാജീവ് പ്രതിനിധീകരിച്ച കളമശേരിയിൽ നിന്ന് ഇക്കുറിയും മന്ത്രി എന്ന പ്രത്യേകതയുമുണ്ട്.
അബ്ദുൾ ഗഫൂറിന് ഇരട്ടിമധുരം
മുസ്ളീംലീഗിലെ വി.ഇ. അബ്ദുൾ ഗഫൂറിന്റെ മന്ത്രിപദത്തിന് ഇരട്ടിമധുരവും മധുരപ്രതികാരവുമുണ്ട്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പിൻഗാമിയായി കളമശേരിയിൽ നിന്നുതന്നെയാണ് വിജയം. അഭിഭാഷകനായ അദ്ദേഹം മികച്ച ക്രിക്കറ്റ് കളിക്കാരനുമാണ്. കന്നിയങ്കത്തിൽ തോൽവി നേരിട്ട അദ്ദേഹം രണ്ടാം മത്സരത്തിൽ പി. രാജീവിനെ തോൽപ്പിച്ചു. മലബാറിന് പുറത്തുനിന്ന് ഒരാൾ വേണമെന്ന മുസ്ളീംലീഗ് നിലപാടാണ് അദ്ദേഹത്തെ മന്ത്രിപദവിയിലെത്തിച്ചത്.
റോജിക്ക്
അപ്രതീക്ഷിതം
അങ്കമാലിയുടെ പ്രതിനിധി റോജി എം. ജോണിന്റെ മന്ത്രിസ്ഥാനം അവസാനനിമിഷം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും കെ.സി വേണുഗോപാൽ പക്ഷവും സഹായമായി. രാഹുൽഗാന്ധിയുടെ ഇടപെടലാണ് ഗുണമായത്. ജോസ് തെറ്റയിലിന് ശേഷം അങ്കമാലിയിൽ നിന്നുള്ള മന്ത്രിയാണ് റോജി എം. ജോൺ.
അനൂപ് ജേക്കബ് വീണ്ടും
അനൂപ് ജേക്കബ് മന്ത്രിയാകുമെന്നത് ഉറപ്പായിരുന്നു. സഖ്യകക്ഷിയായ കേരള കോൺഗ്രസിനെ (ജേക്കബ് ) അദ്ദേഹം പ്രതിനിധീകരിക്കും. പ്രഗത്ഭ പാർലമെന്റേറിയനും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ മകനായ അദ്ദേഹത്തിന് മന്ത്രിപദവിയിൽ മുൻപരിചയവുമുണ്ട്. പിറവം മണ്ഡലത്തിന്റെ പ്രതിനിധിയാണ്.
നഷ്ടം രണ്ടുപേർക്ക്
ജില്ലയിൽ നിന്ന് സാദ്ധ്യതയുണ്ടായിരുന്ന വി.പി. സജീന്ദ്രൻ (കുന്നത്തുനാട് ), അൻവർ സാദത്ത് (ആലുവ) എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല. കോൺഗ്രസിലെ ഗൂപ്പ് പരിഗണനയാണ് നാലുതവണ ജയിച്ച അൻവർ സാദത്തിനും മൂന്നുതവണ ജയിച്ച സജീന്ദ്രനും സാദ്ധ്യത ഇല്ലാതാക്കിയത്.
മുൻസർക്കാർ, മുൻമന്ത്രിമാർ
രണ്ടാം പിണറായി
പി. രാജീവ്
ഒന്നാം പിണറായി
ആരുമില്ല
ഉമ്മൻ ചാണ്ടി
വി.കെ ഇബ്രാഹിംകുഞ്ഞ്
കെ. ബാബു
അനൂപ് ജേക്കബ്
വി.എസ്. അച്യുതാനന്ദൻ
ജോസ് തെറ്റയിൽ
ടി.യു. കുരുവിള
എസ്. ശർമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |