SignIn
Kerala Kaumudi Online
Saturday, 30 May 2026 4.08 AM IST

പ്ലസ് വൺ പ്രവേശനം: സീറ്റുകൾ 36,659 അപേക്ഷകർ 26,272

d

കൊച്ചി: ഹയർ സെക്കൻഡറി വകുപ്പിന്റെ പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ പുരോഗമിക്കവേ, ജില്ലയിൽ ഇതുവരെ 26,272 പേർ അപേക്ഷ സമർപ്പിച്ചു. ജില്ലയിലെ 36,659 സീറ്റുകളിലേക്കാണ് പ്രവേശന നടപടികൾ നടക്കുന്നത്. 28,400 അപേക്ഷകർ ഏകജാലകം വഴി കാൻഡിഡേറ്റ് ലോഗിൻ പൂർത്തിയാക്കി. ജൂൺ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് വൺ ക്ലാസുകൾ ജൂലായ് 2ന് ആരംഭിക്കും.

 653 ബാച്ചുകൾ; മെറിറ്റ് പ്രവേശനം

ഏകജാലകം വഴി ജില്ലയിലാകെ 653 ബാച്ചുകളിലായാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾക്ക് പുറമേ അൺ-എയ്ഡഡ്, ടെക്നിക്കൽ, സ്പെഷ്യൽ സ്കൂളുകളിലെ സീറ്റുകളും ഉൾപ്പെടുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനവും ഏകജാലക പരിധിയിലാണ്. മാനേജ്മെന്റ് ക്വാട്ട, അൺ-എയ്ഡഡ്, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനത്തിന് അതാത് സ്കൂളുകളിൽ പ്രത്യേകം അപേക്ഷിക്കണം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള സ്കീമുകളിൽ പഠിച്ചവർക്കും ഏകജാലകത്തിലൂടെ അപേക്ഷിക്കാം.

ട്രയൽ അലോട്ട്മെന്റ് ജൂൺ 8ന്

പ്രവേശനത്തിനായി മൂന്ന് മുഖ്യ അലോട്ട്മെന്റ് നടപടികളുണ്ട്. ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റ്. അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ഓപ്ഷൻ നൽകിയ വിഷയം, സ്കൂൾ എന്നിവയിൽ മാറ്റം വരുത്താനും അവസരമുണ്ട്. ആദ്യ അലോട്ട്മെന്റ് ജൂൺ 15ന്. അലോട്ട്മെന്റ് നടപടികൾ ജൂലായ് ഒന്നിന് അവസാനിക്കും. സപ്ലിമെന്ററി അലോട്ട്മെന്റുകൾ ജൂലായ് 13 മുതൽ.

 20 ശതമാനം സീറ്റ് വർദ്ധന

പരമാവധി വിദ്യാർത്ഥികൾക്ക് ജില്ലയിൽ തന്നെ സീറ്റ് ഉറപ്പാക്കാൻ സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെയുള്ള അഞ്ച് താലൂക്കുകളിലെ (ആലുവ, കണയന്നൂർ, കൊച്ചി, കുന്നത്തുനാട്, പറവൂർ) സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധന അനുവദിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ 194 ബാച്ചുകളിലായി 11,240 സീറ്റുകളും (1,540 മാർജിനൽ സീറ്റുകൾ ഉൾപ്പെടെ), എയ്ഡഡ് സ്കൂളുകളിൽ 343 ബാച്ചുകളിലായി 19,630 സീറ്റുകളും (2,480 മാർജിനൽ സീറ്റുകൾ ഉൾപ്പെടെ) ലഭ്യമാണ്. ഇതിനുപുറമേ അൺ-എയ്ഡഡ് മേഖലയിൽ 5,200 സീറ്റുകൾ, ടെക്നിക്കൽ മേഖലയിൽ 500, സ്പെഷ്യൽ, റെസിഡൻഷ്യൽ മേഖലകളിൽ യഥാക്രമം 50, 39 എന്നിങ്ങനെയും.

 അപേക്ഷകർ

ആകെ അപേക്ഷകൾ: 26,272
എസ്.എസ്.എൽ.സി: 23,829
സി.ബി.എസ്.ഇ: 1,807
ഐ.സി.എസ്.ഇ: 266
മറ്റുബോർഡുകളിൽ നിന്നുള്ളവർ: 370

മോഡൽ റെസിഡൻഷ്യൽ സ്കൂൾ (എം.ആർ.എസ്): 5

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL