SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

നാടെങ്ങും സെക്യൂരിറ്റി ഏജൻസികൾ, 10ശതമാനത്തിനുപോലും ലൈസൻസില്ല

f

കൊച്ചി: സംസ്ഥാനത്തെ 1,500ൽപ്പരം സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിൽ 10 ശതമാനത്തിനുപോലും നിയമാനുസൃത ലൈസൻസും പെരുമാറ്റച്ചട്ടങ്ങളുമില്ല. 10 ലക്ഷത്തോളം സെക്യൂരിറ്റിജീവനക്കാരിൽ പകുതിയും അനധികൃത ഏജൻസികളിലാണ് പ്രവർത്തിക്കുന്നത്.

ആഭ്യന്തരവകുപ്പിന്റെ രജിസ്ട്രേഷനും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള മാനദണ്ഡങ്ങളും പാലിച്ചാലേ സെക്യൂരിറ്റി ഏജൻസിക്ക് പ്രവർത്തിക്കാനാകൂ.

പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് റെഗുലേഷൻ ആക്ട് (2005) പ്രകാരം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ഒരുവർഷം തടവും 25,000രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണെങ്കിലും നടപടി അപൂർവമാണ്.

സെക്യൂരിറ്റി ജീവനക്കാർക്ക് സ്ഥാപനങ്ങളിൽ നിന്നു നൽകുന്ന വേതനത്തിന്റെ 15 - 20 ശതമാനം ഏജൻസികൾ സർവീസ് ചാർജായെടുക്കും. വൃദ്ധരെയും രോഗികളെയുംവരെ തുച്ഛവേതനം നൽകി നിയോഗിക്കുന്ന ഏജൻസികളുമുണ്ട്. നിവൃത്തികേടുകൊണ്ട് ജോലിക്കെത്തുന്നവരെ ചൂഷണം ചെയ്യുന്നതാണ് പൊതുവേയുള്ള രീതി.

വ്യാജ ഏജൻസികൾ പൊലീസിന് തലവേദന

സെക്യൂരിറ്റി ജീവനക്കാരുടെ സേവനം പലപ്പോഴും പൊലീസിനും ഉപകാരപ്രദമാകാറുണ്ട്. മയക്കുമരുന്ന് ഇടപാടുകളിൽ പൊലീസിന് കൃത്യമായ വിവരം നൽകുന്നവരുമുണ്ട്. രാത്രിജോലി ചെയ്യുന്നവർക്ക് സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങൾ മനസിലാക്കാനും പൊലീസിനെ അറിയിക്കാനും സാധിക്കും. വ്യാജ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന സാമൂഹ്യവിരുദ്ധരാണെങ്കിൽ പൊലീസിന് തലവേദനയുമാകും. ഇത്തരം ക്രിമിനൽസംഘമാണ് കഴിഞ്ഞദിവസം എറണാകുളത്ത് പൊലീസിനെ ആക്രമിച്ചത്. യോഗ്യത വിലയിരുത്തലോ പൊലീസ് വെരിഫിക്കേഷനോ വ്യാജ ഏജൻസികൾ ചെയ്യാറില്ല.

ചുമതല സ്പെഷ്യൽ ബ്രാഞ്ചിന്

സെക്യൂരിറ്റി ഏജൻസികൾക്ക് അംഗീകാരം നൽകേണ്ടതും പ്രവർത്തനം നിരീക്ഷിക്കേണ്ടതും കേരള പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയാണ്

ഏജൻസി നടത്തിപ്പിന് 3,000രൂപ ഫീസടച്ച് അപേക്ഷിക്കണം. ഒന്നിലധികം ആളുകൾ ചേർന്ന് കമ്പനിയായാണ് തുടങ്ങുന്നതെങ്കിൽ പാർട്ണർമാർ ഓരോരുത്തരും 3,000 രൂപവീതം നൽകണം

അനധികൃത ഏജൻസികൾക്ക് ഫീസ്, ജി.എസ്.ടി ഒന്നും ബാധകമാകുന്നില്ല. ഈയിനത്തിൽ സർക്കാരിന് നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണ്.

ജീവനക്കാരുടെ മിനിമം വേതനം, ഏജൻസികളുടെ അംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ തൊഴിലില്ലായ്മയ്ക്ക് ചെറിയൊരു പരിഹാരമാണ് സെക്യൂരിറ്റി സർവീസ്.

ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി

അസോ. ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി

ഇൻഡസ്ട്രി (കേരള)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL