SignIn
Kerala Kaumudi Online
Wednesday, 17 June 2026 11.30 PM IST

വെയിലത്തും മഴയത്തും നഗരത്തിൽ വെള്ളക്കെട്ട്

girinagar

കൊച്ചി: വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കത്തിൽ പൊറുതിമുട്ടി കടവന്ത്ര, ഗിരിനഗർ- ഇന്ദിരാനഗർ നിവാസികൾ. ഒരു മഴപെയ്താൽ എറണാകുളം വെള്ളത്തിൽ മുങ്ങുന്നത് പുതുമയല്ല. മഴക്കാലത്തുമാത്രം ഉണർന്നുപ്രവർത്തിക്കുന്ന സംവിധാനങ്ങൾ അതിന് താത്കാലിക പരിഹാരവും കണ്ടെത്തും. എന്നാൽ ഇന്ദിരാനഗർ നിവാസികളുടെ കാര്യം അങ്ങനെയല്ല, ചുട്ടുപൊള്ളുന്ന വെയിലത്തും അവർ വെള്ളക്കെട്ടിൽ നരകിക്കുകയാണ്. രാവിലെ തുടങ്ങുന്ന മലിനജലപ്രവാഹം ഉച്ചയാകുമ്പോഴേക്കും രണ്ട്, മൂന്നടി ഉയരത്തിലാകും. വൈകിട്ട് വേലിയിറക്കംവരെ ഇതാണ് അവസ്ഥ. സമീപത്തെ തോട്ടിൽനിന്നുള്ള മലിനജലമാണ് വീടിനുള്ളിലേക്കുവരെ ഇരച്ചുകയറുന്നത്. രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ശക്തി ഓരോവർഷവും കൂടിവരികയാണ്. സമീപത്തെ തോടിന്റെ ആഴം കുറയുന്നതാണ് കാരണം. വാർഡ് സഭയിലും ഉന്നയിക്കാവുന്ന വേദികളിലുമൊക്കെ ഇവിടുത്തെ താമസക്കാർ പരാതി പറയാറുണ്ടെങ്കിലും പരിഹാരമില്ല. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എല്ലാ മുന്നണി സ്ഥാനാർത്ഥികളും ജനങ്ങൾക്ക് നൽകുന്ന മുഖ്യവാഗ്ദാനവും വേലിയേറ്റ വെള്ളക്കെട്ടിന് ശ്വാശത പരിഹാരമാണ്. പിന്നീട് ഈ വഴി ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് പരാതി.

കാരക്കാട്ട് റോഡിൽ മഴവെള്ളം

ഇന്ദിരാനഗറിൽ വേലിയേറ്റമാണെങ്കിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാരക്കാട്ട് റോഡിൽ മഴവെള്ളമാണ് പ്രശ്നം. ചെറിയൊരു മഴപെയ്താൽപ്പോലും മുഴുവൻ വെള്ളവും റോഡിൽ കെട്ടിക്കിടക്കും. ഓടകളിലൂടെയുള്ള ജലനിർഗമനം തടസപ്പെട്ടതാണ് കാരണം. അതിന് ശാശ്വത പരിഹാരം കാണുന്നതിൽ തദ്ദേശ സ്വയംഭരണവകുപ്പ് പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് കാനകളുടെ ശുചീകരണവും നവീകരണവും ഉൾപ്പെടെയുള്ള പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് നഗരസഭാ എൻജിനിയറിംഗ് വിഭാഗവും തദ്ദേശവകുപ്പും അവകാശപ്പെടുന്നത്. ടി.ജെ. വിനോദ് എം.എൽ.എയുടെ ഓഫീസ് പരിസരത്തും സ്ഥിതി ഭിന്നമല്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം ഫയലുകളിലും മറുപടിക്കത്തുകളിലും ഒതുങ്ങാതെ മഴക്കാലത്തെങ്കിലും റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശത്തെ വ്യാപാരികളും താമസക്കാരും പറയുന്നത്.

സ്ഥലം എം.എൽ.എയുടെ ഓഫീസിലേക്കുള്ള പ്രധാന പാതയിൽപ്പോലും ഇതാണ് അവസ്ഥയെങ്കിൽ, സാധാരണക്കാരായ പൊതുജനങ്ങൾക്ക് എന്ത് നീതികിട്ടും

സുജിത് സുകുമാരൻ

ആം ആദ്മി പാർട്ടി, ജില്ലാ സെക്രട്ടറി

ഗിരിനഗറിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും

സി. സതീശൻ

ബി.ഡി.ജെ.എസ്, ജില്ലാ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VELLAKKETTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL