
കൊച്ചി: എറണാകുളത്തപ്പനെ പള്ളിയുണർത്തുന്ന ആചാരവെടി മുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും. വെടിമരുന്നു സൂക്ഷിക്കുന്നതിനുളള എൽ.ഇ. 2 ലൈസൻസ് പുതുക്കാൻ സാധിക്കാത്തതിനാലാണ് നൂറ്റാണ്ടുകളായി, കൊവിഡ് കാലത്തുപോലും മുടങ്ങാതെ നോക്കിയ എറണാകുളം ശിവക്ഷേത്രത്തിലെ ആചാരവെടി മേയ് ഒന്നിന് നിറുത്തിവച്ചത്.
വെടിമരുന്ന് സൂക്ഷിക്കുന്നയിടവും കതിനയിൽ നിറയ്ക്കുന്നയിടവും പൊട്ടിക്കുന്ന ഇടവും തമ്മിൽ 45 മീറ്റർ അകലവും റോഡും പൊട്ടിക്കുന്ന ഇടവും തമ്മിൽ 25 മീറ്റർ അകലവും വേണം. ലൈസൻസ് പുതുക്കാൻ സാധിക്കാത്തതിന്റെ കാരണം ഇതാണ്. വെടിമരുന്നു സൂക്ഷിക്കുന്ന മാഗസീൻ എന്ന് വിളിക്കുന്ന ചെറിയ മുറി മാറ്റിപ്പണിതാൽ ഈ പ്രശ്നം പരിഹരിക്കാനാകും. സമാന പ്രശ്നമുള്ള തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ പുതിയ വെടിപ്പുര നിർമ്മിച്ച് ലൈസൻസ് പുതുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആചാരവെടിയുള്ള ക്ഷേത്രങ്ങൾ അപൂർവ്വമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ എട്ടു ക്ഷേത്രങ്ങളേയുള്ളൂ. എറണാകുളം, തിരുവഞ്ചിക്കുളം, തൃശൂർ അന്തിമഹാകാളൻ ക്ഷേത്രങ്ങളിൽ ലൈസൻസ് പ്രശ്നങ്ങളാൽ മേയ് ഒന്നു മുതൽ നിറുത്തി. ഭക്തർക്ക് പ്രിയപ്പെട്ട വെടിവഴിപാടും അവസാനിപ്പിച്ചു.
യഥാർത്ഥ പ്രശ്നം
ദേവസ്വം ഓഫീസറുടെ പേരിലാണ് എൽ.ഇ.2 ലൈസൻസ്. അപകടമുണ്ടായാൽ ഇവരും പ്രതിയാകും. നടപടിക്രമങ്ങൾ സങ്കീർണമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ വിമുഖരാണ്. മുടങ്ങി പോകുന്നെങ്കിൽ പോകട്ടെ, തലവേദന ഒഴിവാകുമല്ലോയെന്നാണ് നിലപാട്.
അഴകിയകാവിൽ മുടങ്ങിയിട്ട് 20 വർഷം !
പുരാതനമായ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ ആചാരവെടിയും വെടിവഴിപാടും ദേവസ്വം ബോർഡ് സ്വമേധയാ ഉപേക്ഷിച്ചിട്ട് 20 വർഷം കഴിഞ്ഞു. ഇവിടെ നിയമപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദേവപ്രശ്ന വിധിയുണ്ടായിട്ടുപോലും പുനരാരംഭിച്ചില്ല. ദേവസ്വം ബോർഡും ഉപദേശക സമിതിയും ഇന്നേവരെ ചെറുവിരൽ അനക്കിയിട്ടില്ല.
ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും ഉപദേശക സമിതിക്കും ക്ഷേത്രകാര്യങ്ങളിൽ താത്പര്യമില്ല. പ്രധാനപ്പെട്ട ആചാരമാണ് മുടങ്ങിയത്. ഭക്തരുടെ വേദനയൊന്നും ഇവർക്ക് വിഷയമല്ല. എറണാകുളത്തപ്പന്റെ ആചാരവെടി ഉടനെ പുനരാരംഭിക്കാൻ നടപടി വേണം.
പി. രാജേന്ദ്രപ്രസാദ്
മുൻ പ്രസിഡന്റ്,
എറണാകുളം ക്ഷേത്ര ക്ഷേമ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |