SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.26 AM IST

റോ-റോയിലും 'പ്രിയദർശിനി'

ro

വനിതകൾക്ക് സൗജന്യയാത്ര

കൊച്ചി: റോ-റോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്താൻ കൊച്ചി നഗരസഭ. കെ.എസ്.ആർ.ടിയുടെ ജനപ്രിയമായ പ്രിയദർശിനി പദ്ധതിയുടെ ചുവടുപിടിച്ചാണ് പ്രഖ്യാപനം. നഗരസഭാ കൗൺസിൽ യോഗം ഇതുസംബന്ധിച്ച പ്രമേയം ഇന്നലെ പാസാക്കി. പദ്ധതിയുടെ നടത്തിപ്പ് രീതികളും സാമ്പത്തിക വശങ്ങളും വരും ദിവസങ്ങളിൽ കോർപ്പറേഷൻ തീരുമാനിക്കും. ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിലാണ് റോ-റോ സർവീസ്. ഒരാൾക്ക് മൂന്ന് രൂപയാണ് യാത്രാ നിരക്ക്.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ വനിതാ യാത്രക്കാർക്ക് ടിക്കറ്റ് തുക നൽകേണ്ടതില്ല. എന്നാൽ, സ്ത്രീകൾ ഒപ്പം കൊണ്ടുവരുന്ന ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും നിലവിലുള്ള നിരക്ക് ബാധകമായിരിക്കും. കൊച്ചിയിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥിനികളുമായ നൂറുകണക്കിന് സ്ത്രീകൾ ദിവസേന റോ-റോ സർവീസിനെ ആശ്രയിക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിലാണ് സ്ത്രീയാത്രികർ കൂടുതൽ. പുതിയ പ്രഖ്യാപനം സാധാരണക്കാരായ വനിതകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും.

ആദ്യകാലങ്ങളിൽ നഗരസഭ കരാർ നൽകുന്ന തദ്ദേശീയരായ സ്വകാര്യ ജങ്കാർ ഓപ്പറേറ്റർമാരായിരുന്നു ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. പഴയ മോട്ടോർ ഘടിപ്പിച്ച ജങ്കാറുകളും സാധാരണ ബോട്ടുകളുമാണ് ഓടിച്ചിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങളും യാത്രാക്ലേശവും കാരണം 2018ൽ ഇത് നിറുത്തലാക്കുകയും കോർപ്പറേഷൻ സ്വന്തമായി റോ-റോ വാങ്ങി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനെ സർവീസ് ഏൽപ്പിക്കുകയായിരുന്നു.ഇപ്പോൾ കോർപ്പേറേഷനാണ് നടത്തിപ്പ് ചുമതല.

 സ്ത്രീയാത്രികർ ഹാപ്പി
കൊച്ചി നഗരത്തിലും സമീപമേഖലകളിലും സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്ന ഭൂരിഭാഗം സാധാരണക്കാരായ സ്ത്രീകൾക്കും പദ്ധതിയിലൂടെ പ്രതിമാസം 1500 മുതൽ 4000 രൂപ വരെ ലാഭിക്കാൻ സഹായിക്കുന്നുണ്ട്. നിരക്ക് തുച്ഛമെങ്കിലും പ്രതിമാസം ഒരുവിഹിതം റോ-റോയാത്രയിൽ നിന്നും നീക്കിവയ്ക്കാനാകുമെന്നതിൽ സ്ത്രീകളും പ്രഖ്യാപനത്തിൽ ഹാപ്പിയാണ്.

വരുന്നു,​ സേതുസാഗർ 3

സേതുസാഗർ 1, സേതുസാഗർ 2 എന്നീ രണ്ട് പഴയ കപ്പലുകളാണ് ഇതുവരെ സർവീസ് നടത്തിയിരുന്നത്. 'സേതുസാഗർ 3' എന്ന മൂന്നാമത്തെ റോ-റോ കഴിഞ്ഞ ആഴ്ചയാണ് നീറ്റിലിറക്കിയത്. ഇത് അടുത്ത മാസം സർവീസ് ആരംഭിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡിൽ 18 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച അത്യാധുനിക റോ-റോയാണിത്. ഒരേസമയം 14 ട്രക്കുകൾ, 12 കാറുകൾ, 50 യാത്രക്കാർ എന്നിവ വഹിക്കാൻ ശേഷിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL