ആലുവ: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ തുരുത്ത് ഗ്രാമത്തിലെ പൊതുമരാമത്ത് റോഡും പഞ്ചായത്ത് റോഡുകളുമെല്ലാം കാൽനട യാത്ര തടസപ്പെടുത്തുന്ന അവസ്ഥയിലാണെന്ന് പരാതി. ഇരുവശവും കാടുമൂടി കിടക്കുന്നതിനാൽ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരുന്നുവെന്നും ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
വിക്ടറി ടൈൽസ് മുതൽ തുരുത്ത് വീരഭദ്രകാളി ക്ഷേത്രം വരെ റോഡിന് ഇരുവശവും കാട് നിറഞ്ഞു നിൽക്കുകയാണ്. തുരുത്ത് തെക്കൻവഴി റോഡും ബണ്ട് റോഡും കാട് നിറഞ്ഞ് ദുരിതാവസ്ഥയിലാണ്.
വിഷപ്പാമ്പുകളും പട്ടികളുമെല്ലാം ഇവിടം വിഹാരകേന്ദ്രമാക്കി. കഴിഞ്ഞ ദിവസം പാപ്പാളി ബൈലൈൻ റോഡിൽ വാക്കയിൽ ഉണ്ണിയുടെ വീടിന് സമീപം പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഒരു മാസം മുമ്പാണ് കൊമ്പത്ത് അയ്യപ്പൻ കുട്ടിയുടെ പറമ്പിന് സമീപം പുലിയെ കണ്ടതായി പറയുന്നത്.
ചെങ്ങമനാട് പഞ്ചായത്തിലെ 11, 12 വാർഡുകളുൾപ്പെടുന്നതാണ് തുരുത്ത് ഗ്രാമം. റോഡരികിലുള്ള കാട് വെട്ടി തെളിയിക്കാൻ പഞ്ചായത്തുകൾക്ക് തനതായ ഫണ്ട് ഇല്ലെന്നാണ് വാർഡ് അംഗങ്ങൾ പറയുന്നത്. മുൻകാലങ്ങളിൽ തൊഴിലുറപ്പു പദ്ധതി പ്രകാരം കാട് വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും സാദ്ധ്യമല്ല. പുലിയും പാമ്പും പട്ടിയുമെല്ലാം ഭീതി പരത്തുന്ന തുരുത്ത് ഗ്രാമത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |