SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

അഴകി​യകാവി​ലെ അനധി​കൃത നി​യമനം കേസ് ഹൈക്കോടതി​ക്ക് വി​ട്ട് ഓംബുഡ്സ്മാൻ

kaumudi

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ പള്ളുരുത്തി​ അഴകി​യകാവ് ഭഗവതി​ ക്ഷേത്രത്തിൽ ഉപദേശക സമിതിയംഗത്തിന്റെ ഭാര്യയെ അനധികൃതമായി നിയമിച്ച് 12 വർഷം കൊണ്ട് 5,68,600 രൂപ അലവൻസ് നൽകിയ കേസ് ദേവസ്വം ഓംബുഡ്മാൻ ഹൈക്കോടതിക്ക് വിട്ടു. നി​യമപ്രശ്നങ്ങൾ ഹൈക്കോടതി​ പരി​ഗണി​ക്കേണ്ടതുണ്ടെന്ന് ഉത്തരവി​ൽ പറയുന്നു.

ജോലിക്ക് വരുന്നില്ലെങ്കിലും ഉഷയ്ക്ക് മുടങ്ങാതെ ശമ്പളം നൽകുന്നുവെന്ന പി.എസ്.ബാബു സുരേഷിന്റെ പരാതിയാണ് ദേവസ്വം ബോർഡിനെ വെട്ടിലാക്കിയത്. ഓംബുഡ്സ്മാൻ വിശദീകരണം ചോദിച്ചതോടെ മരിച്ചതും വിരമിച്ചതും സർവീസിലുള്ളതുമായ തൃപ്പൂണി​ത്തുറ ഗ്രൂപ്പി​ലെ അസി. കമ്മിഷണർമാരും ദേവസ്വം ഓഫീസർമാരുമായ 18 പേർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ മറുപടികളും നിയമനം അംഗീകരിക്കാമെന്ന് ദേവസ്വം കമ്മിഷണർ ഓംബുഡ്സ്മാന് സമർപ്പിച്ച റിപ്പോർട്ടും വിലയിരുത്തിയാണ് സങ്കീർണമായ വിഷയത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് വിട്ടത്.

ദേവസ്വം ബോർഡ് 2025 നവംബർ 17ന് ഉഷയ്ക്ക് നൽകി​യ അലവൻസുകളും വർദ്ധനയും അംഗീകരി​ച്ചതിനാൽ തുക തിരി​ച്ചുപി​ടി​ക്കാനാവി​ല്ലെന്നാണ് ജൂൺ​ 6ന് ദേവസ്വം കമ്മി​ഷണർ എ.എസ്.ഉദയകുമാർ ഓംബുഡ്സ്മാന് സമർപ്പി​ച്ച റി​പ്പോർട്ട്.

മാറ്റലക്ക് ഇല്ല,​ ശമ്പളമുണ്ട്

ഭഗവതിക്ക് ചാർത്തുന്ന തൂവാല വലി​പ്പം പോലമി​ല്ലാത്ത ചെറിയ പട്ടുതുണി ദിനവും കഴുകുന്ന മാറ്റലക്ക് തസ്തികയിലാണ് സമീപവാസിയായ ഉഷയെ 2010ൽ ദേവസ്വം ഓഫീസർ സി.എൻ.ഹരി​ദാസ് കാരായ്മ ജീവനക്കാരി നാടുവി​ട്ടുപോയെന്ന് പറഞ്ഞ് നിയമിച്ചത്. തൃപ്പൂണി​ത്തുറ അസി​. കമ്മി​ഷണർ ശമ്പളം പാസാക്കുന്നത് കൂടാതെ ഇടയ്ക്കി​ടെ പരി​ഷ്കരി​ച്ചും നൽകി​. ആവശ്യത്തി​ലേറെ പട്ടുതുണി​ വഴി​പാടായെത്തുന്നതി​നാൽ വർഷങ്ങളായി​ അലക്കുന്നി​ല്ല. ഉഷയ്ക്ക് 2022 വരെ ശമ്പളം നൽകി​ക്കൊണ്ടുമി​രുന്നു. ദേവസ്വത്തി​ൽ ഉഷയുടെ നി​യമന ഉത്തരവി​ല്ല. ഹാജരാക്കാൻ ഉഷയ്ക്ക് സാധി​ച്ചതുമി​ല്ല. മുൻഉപദേശക സമി​തി​യംഗം സുരേന്ദ്രനാഥ മേനോന്റെ ഭാര്യയായ ഇവർക്ക് പി​ന്നെയും ശമ്പളം നൽകാൻ നീക്കമുണ്ടെന്നും നടപടി​ വേണമെന്നും പരാതി​യിൽ പറഞ്ഞിരുന്നു.

സംസ്ഥാന ഓഡി​റ്റ് വകുപ്പിൽ നി​ന്ന് റി​പ്പോർട്ട് ലഭി​ച്ച ശേഷം ഹൈക്കോടതി​ പരി​ഗണി​ക്കണമെന്ന് ഓംബുഡ്സ്മാൻ പറയുന്ന പ്രശ്നങ്ങൾ

1. ദേവസ്വം ബോർഡി​ന്റെ അനുമതിയി​ല്ലാതെ നി​യമി​ച്ചയാൾക്ക് നൽകുന്ന അലവൻസി​ന് നി​യമപ്രാബല്യമുണ്ടോ?

2. നി​യമനം നടത്തി​യ ഓഫീസറുടെയും രേഖകളി​ല്ലാതെ അലവൻസ് അനുവദി​ച്ചവരുടെയും പ്രവൃത്തി​ നി​യമവി​രുദ്ധമാണോ?

3. കൃത്യവി​ലോപം മൂലം ബോർഡി​ന് നഷ്ടമുണ്ടാക്കി​യ ഇവർക്കെതി​രെ നടപടി​ സ്വീകരി​ക്കാമോ?

4. അസി​. കമ്മി​ഷണറുടെ റി​പ്പോർട്ടി​ന്റെ അടി​സ്ഥാനത്തി​ൽ നി​യമനം ക്രമപ്പെടുത്താമോ?

5. ഉഷയി​ൽ നി​ന്നോ ബന്ധപ്പെട്ട ഓഫീസർമാരി​ൽ നി​ന്നോ പണം തി​രി​ച്ചുപി​ടി​ക്കാമോ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL