SignIn
Kerala Kaumudi Online
Friday, 16 October 2026 11.35 AM IST

പത്തനാപുരത്ത് പഴകിയ ഭക്ഷണവിൽപ്പന വ്യാപകം

cc
ccc

പത്തനാപുരം : പത്തനാപുരത്തും സമീപ പ്രദേശങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയുയർത്തി പഴകിയ മത്സ്യങ്ങളുടെയും ഹോട്ടലുകളിലെ ഗുണനിലവാരമില്ലാത്ത പഴകിയ ഭക്ഷണങ്ങളുടെയും വിൽപന വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലകളിലെ വിവിധ തട്ടുകടകളിലും പ്രമുഖ ഹോട്ടലുകളിലും വരെ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ വിൽപനയ്ക്ക് എത്തുന്നതായിട്ടാണ് പരാതികൾ ഉയർന്നിരിക്കുന്നത്.

 വഴിയോരങ്ങളിൽ ചീഞ്ഞ മീൻ വിൽപന

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തമിഴ്‌നാട് അതിർത്തി കടന്നും എത്തുന്ന ഗുണനിലവാരമില്ലാത്തതും ദിവസങ്ങൾ പഴകിയതുമായ മത്സ്യങ്ങളാണ് വിവിധ പ്രദേശങ്ങളിൽ വിൽപനയ്ക്കായി എത്തുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഇത്തരം മത്സ്യങ്ങളിൽ അഴുകൽ മറയ്ക്കാനായി മാരകമായ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു. പലയിടങ്ങളിലും മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് കറിവെക്കുമ്പോഴാണ് അപകടം മനസിലാകുന്നത്.

 ഫ്രീസറുകളിൽ ദിവസങ്ങൾ

പഴകിയ മാംസവും എണ്ണയും

മത്സ്യവിപണിക്ക് പുറമേ പത്തനാപുരത്തെ ചില ഹോട്ടലുകളിലും തട്ടുകടകളിലും സമാനമായ സ്ഥിതിയാണുള്ളത്. മുൻപ് അയൽ പ്രദേശങ്ങളായ അടൂരിൽ ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ മിന്നൽ പരിശോധനകളിൽ കിലോക്കണക്കിന് പഴകിയ മീനും ദിവസങ്ങളോളം പഴകിയ ബിരിയാണിയും ഇറച്ചിക്കറികളും പിടിച്ചെടുത്തിരുന്നു. ഇതിന് സമാനമായ രീതിയിൽ പത്തനാപുരത്തെ ചില സ്ഥാപനങ്ങളിലെ ഫ്രീസറുകളിൽ ദിവസങ്ങളോളം പഴകിയ ചിക്കൻ, മട്ടൻ എന്നിവ സൂക്ഷിച്ചുവെച്ച് വീണ്ടും ചൂടാക്കി ഉപഭോക്താക്കൾക്ക് നൽകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മാത്രമല്ല, ഒരേ എണ്ണ തന്നെ പലതവണ തിളപ്പിച്ച് ഉപയോഗിക്കുന്നത് മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങളാണ് പൊതുജനങ്ങൾ നേരിടുന്നത്. വൻകിട റെസ്റ്റോറന്റുകൾ മുതൽ വഴിയോരത്തെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിൽ വരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം നടക്കുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

 പരിശോധന ഇല്ല

പരാതികൾ വ്യാപകമായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ പേരിനു പോലും ഭക്ഷ്യസുരക്ഷാ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗമോ കാര്യക്ഷമമായ പരിശോധനകൾ നടത്തുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. വല്ലപ്പോഴും നടത്തുന്ന ഒഴുക്കൻ മട്ടിലുള്ള പരിശോധനകൾക്കപ്പുറം കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടികളിലേക്ക് അധികൃതർ കടക്കാറില്ലെന്നും ആക്ഷേപം ശക്തമാണ്. ഉത്സവ സീസണുകളും അവധി ദിനങ്ങളും മുന്നിൽ കണ്ട് പത്തനാപുരത്തെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ ഹോട്ടലുകളിലും വിപണികളിലും ഉടൻ തന്നെ അധികൃതർ മിന്നൽ റെയ്ഡുകൾ സംഘടിപ്പിക്കണമെന്നും, കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL