കൊച്ചി: ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി. പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയ്ക്കുള്ള ശസ്ത്രക്രിയയായ 'റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി" (ആർ.എ.ആർ.പി)ക്കാണ് കൊല്ലം സ്വദേശിയായ 70കാരൻ രോഗിയെ വിധേയമാക്കിയത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആസ്റ്റർ മെഡ്‌സിറ്റിയിലെ യൂറോ ഓങ്കോളജി, ട്രാൻസ്‌പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ. കിഷോർ 1,500 കിലോമീറ്ററോളം അകലെ, ഗുജറാത്തിലെ വാപിയിലെ മെറിൽ അക്കാഡമിയിൽ ഇരുന്നാണ് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർണമായും നിയന്ത്രിച്ചത്.
ദീർഘദൂര ടെലിസർജറി രംഗത്തെ നിർണായക ചുവടുവയ്പാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മെറിൽ മിസോ റോബോട്ട് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. കിഷോർ നൽകിയ ചലനങ്ങൾ രോഗിയെ ഓപ്പറേറ്റ് ചെയ്യുന്ന റോബോട്ടിക് കൈകളിലേക്ക് കൈമാറുകയായിരുന്നു. പരിചയസമ്പത്തുള്ള റോബോട്ടിക് സർജിക്കൽ, അനസ്തേഷ്യ സംഘം കൊച്ചിയിൽ രോഗിക്കരികിലുണ്ടായിരുന്നു.
വേഗത്തിൽ സുഖം പ്രാപിച്ച രോഗി മൂന്നാം ദിവസം ആശുപത്രിയിൽ വിട്ടു. കേരളത്തിലെ ആദ്യത്തെ ടെലി റോബോട്ടിക് യൂറോളജി ശസ്ത്രക്രിയയാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |