ആലുവ: മഹാദേവ ക്ഷേത്ര ദർശനത്തിനും ബലിതർപ്പണത്തിനുമായി നിത്യേന നൂറുകണക്കിന് ഭക്തരെത്തുന്ന ആലുവ മണപ്പുറത്തും പരിസരത്തും പുല്ലും വള്ളിപ്പടർപ്പുകളും വ്യാപകമായിട്ടും ദേവസ്വം ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇഴജന്തുക്കളെ ഭയന്ന് ക്ഷേത്രദർശനം നടത്തേണ്ട അവസ്ഥയിലാണ് വിശ്വാസികൾ.
മദ്ധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളെത്തുന്ന മണപ്പുറത്താണ് ഈ ദുരവസ്ഥ. ദേവസ്വം ബോർഡ് പണം വാങ്ങി അനുവദിച്ച ബലിത്തറകളിലേക്ക് പോലും ഭക്തർക്ക് എത്താനാകുന്നില്ല. മണപ്പുറത്തിന്റെയും ക്ഷേത്രത്തിന്റെയും പരിശുദ്ധിയും നഷ്ടപ്പെടുത്തുകയാണ്.
മണപ്പുറത്തേക്ക് വാഹനങ്ങളിൽ എത്തുന്നവർക്കും നടപ്പാലം വഴി വരുന്നവർക്കും ക്ഷേത്രത്തിലേക്ക് ചെറിയ കോൺക്രീറ്റ് നടപ്പാത ഉണ്ടെങ്കിലും മറ്റ് ഭാഗങ്ങളെല്ലാം പുല്ലുകളും ചെടികളും മുട്ടോളം വളർന്ന നിലയിലാണ്.
ബലിത്തറകൾക്ക് ചുറ്റും കാടുകയറിയതിനാൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതായി പുരോഹിതർ.
പതിനായിരങ്ങൾ എത്തുന്ന കർക്കടക വാവ് ബലിതർപ്പണത്തിന് ഒരു മാസം മാത്രം ശേഷിക്കെയാണ് മണപ്പുറവും പരിസരവും കാടുകയറി ദുരവസ്ഥയിലായിരിക്കുന്നത്.
ക്ഷേത്രമുറ്റം നിറയെ പക്ഷിക്കാഷ്ടം
ഭക്തരിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിനായി ഭണ്ഡാരത്തോട് ചേർന്ന് ക്യൂ ആർ കോഡ് വരെ പ്രദർശിപ്പിക്കുന്ന ദേവസ്വം ബോർഡ്, ക്ഷേത്ര പരിസരത്തെ ശുദ്ധിക്ക് പ്രാധാന്യം നൽകുന്നില്ല. ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പ്രധാന ഗേറ്റിലും ക്ഷേത്ര കോമ്പൗണ്ടിലും നിറയെ പക്ഷികളുടെ കാഷ്ടമാണ്. നന്ദികേശന്റെ വിഗ്രഹത്തിലും പലപ്പോഴും പക്ഷി കാഷ്ടമാണ്. നന്ദികേശനെ പ്രതിഷ്ഠിച്ചിട്ടുള്ള ഭാഗത്ത് ചെറിയ ഷീറ്റ് മേൽക്കൂരയുണ്ട്. ഇതിൽ പ്രാവുകൾ കൂടുകൂട്ടിയിരിക്കുകയാണ്. നെറ്റ് അടിച്ച് ഒഴിവാക്കാവുന്ന കാര്യങ്ങൾ പോലും ദേവസ്വം അധികൃതർ ചെയ്യുന്നില്ലെന്നാണ് പരാതി.
മണപ്പുറത്ത് താത്കാലിക ബലിത്തറകളൊരുക്കുന്ന പുരോഹിതന്മാർക്ക് അടിസ്ഥാന സൗകര്യമൊരുക്കി നൽകണം. മഴക്കാലത്ത് മണപ്പുറത്ത് വെള്ളക്കെട്ടും ചെളിയുമാണ്. ഈ സമയത്ത് ബലിയിടാനെത്തുന്നവരും പ്രയാസപ്പെടുകയാണ്. ദേവസ്വം അംഗീകരിച്ച 24 പുരോഹിതന്മാരാണുള്ളത്. പ്രതിവർഷം ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ ബോർഡിന് അടച്ചവരാണ്. ഇവർക്കായി ഒരടി പൊക്കത്തിൽ തറയും മേൽക്കൂരയും നിർമ്മിച്ച് നൽകണം. ദിവസം 100 രൂപ മാത്രം നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെയാക്കിയത്.
രാധാകൃഷ്ണൻ ശാന്തി
സെക്രട്ടറി,
ആർച്ചക്ക് പുരോഹിത് സഭ,
മണപ്പുറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |