
കൊച്ചി: റെയിൽവേ മേൽപ്പാലത്തിൽ കുടുങ്ങിയതിനെത്തുടർന്ന് പിന്നോട്ട് തള്ളിമാറ്റുന്നതിനിടെ സ്വകാര്യബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ വലിയ കൂട്ടിയിടി ഒഴിവാക്കി.
തിരക്കേറിയ എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. കലൂരിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോയ മന്നാടിയാർ എന്ന സ്വകാര്യബസാണ് പാലത്തിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോൾ എൻജിൻ തകരാറായി കുടുങ്ങിയത്. ഇതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെ ബസിന് പിന്നിൽ കുടുങ്ങി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പാലത്തിന്റെ കലൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ഗതാഗതം ക്രമീകരിച്ചെങ്കിലും കലൂർ വരെയും മാധവ ഫാർമസി ജംഗ്ഷൻ വരെയും ഗതാഗതം തടസപ്പെട്ടു.
ബസിന്റെ യന്ത്രത്തകരാർ പരിഹരിക്കാൻ മെക്കാനിക്ക് എത്താൻ വൈകുമെന്നതിനാൽ ബസ് പിന്നിലേക്ക് തള്ളിയിറക്കി പാലത്തിന് താഴെ ഒതുക്കിയിടാൻ പൊലീസ് തീരുമാനിച്ചു. ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആർ. അശോകന്റെ നേതൃത്വത്തിൽ പൊലീസുകാരും ബസ് ജീവനക്കാരും ചേർന്ന് ബസ് തള്ളുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ടിറങ്ങുകയായിരുന്നു. യാത്രക്കാരുമായി സ്വകാര്യബസിന് പിന്നിൽ കിടന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വോൾവോ ഹൈബ്രിഡ് ബസിന്റെ ഡ്രൈവർ ഹോണടിച്ച് പെട്ടെന്ന് വെട്ടിത്തിരിച്ചതിനാൽ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി. അപകടം മണത്ത പൊലീസും ജീവനക്കാരും ചേർന്ന് സ്വകാര്യബസിന്റെ വാതിൽപ്പടിയിലും പിന്നിലും ഓടിയെത്തി ബസിനെ പിടിച്ചുനിർത്തി. പിന്നീട് സാവധാനത്തിൽ പാലത്തിന് താഴെ എത്തിച്ച് ഒതുക്കിയിട്ട ശേഷമാണ് മെക്കാനിക്ക് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |