
കൊച്ചി/പള്ളുരുത്തി: ആഴക്കടലിലും പുറംകടലിലും മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആക്സസ് പാസ് നൽകുന്നതിന്റെ മറവിൽ, വൻകിട വിദേശ-കോർപ്പറേറ്റ് കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രം തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളി സംഘടനകൾ.
ട്രോൾ ബോട്ടുകൾക്ക് ആക്സസ് പാസ് സൗജന്യമായി നൽകുമെങ്കിലും, 200 നോട്ടിക്കൽ മൈലിന് പുറത്ത് പ്രവർത്തിക്കുന്ന ആഴക്കടൽ യാനങ്ങൾക്ക് 25,000 രൂപ ഫീസ് നിശ്ചയിച്ചതിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗത്തിൽ കടുത്ത പ്രതിഷേധമുയർന്നു. 20 മീറ്റർ മാത്രം നീളമുള്ളതും ചെറുകിട മേഖലയിൽപ്പെടുന്നതുമായ ഈ യാനങ്ങളിൽ നിന്ന് ഇത്രയും വലിയ തുക ഈടാക്കുന്നത് തെറ്റാണെന്നും ഫീസ് ഒഴിവാക്കണമെന്നും ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചാൾസ് ജോർജും സെക്രട്ടറി എം. മജീദും ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് പരമാധികാരമുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതി എന്നിരിക്കെ, നിലവിൽ 3,14,677 യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ആശങ്കയോടെ തീരദേശം
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്കയുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് മീനാകുമാരി റിപ്പോർട്ടിന്റെ മറവിൽ വൻകിട കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രം തുറന്നുകൊടുക്കാൻ ശ്രമിച്ചപ്പോൾ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലൂടെയാണ് ചെറുത്തു പരാജയപ്പെടുത്തിയത്. ഇപ്പോൾ സഹകരണ സംഘങ്ങളുടെ പേരിൽ വൻകിട കമ്പനികൾക്ക് കടൽ തീറെഴുതാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
മർച്ചന്റ് ഷിപ്പിംഗ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടാതെ, മത്സ്യത്തൊഴിലാളികളുമായി നേരിട്ട് യോഗം വിളിക്കുന്നത് ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം
ചാൾസ് ജോർജ്,
പ്രസിഡന്റ്,
ഓൾ ഇന്ത്യ ഡീപ് സീ
ഫീഷേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |