കൊച്ചി: പകൽ മീൻകച്ചവടവും രാത്രി കഞ്ചാവ് വില്പനയും നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഒടുവിൽ ഡാൻസാഫിന്റെ വലയിലായി.
ബുധനാഴ്ച രാത്രി എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരത്ത് കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്ത അസം നൗഗാവോൺ സ്വദേശി സിറാജുൽ ഹഖും (28) ഒഡീഷ ഗജപതി സ്വദേശി ബസ്തബ് ബീറോയുമാണ് (26) നാളുകളായി ഡബിൾറോളിൽ മയക്കുമരുന്ന് വില്പന നടത്തിവന്നത്. എ.എൽ. ജേക്കബ് റോഡിലെ വൈദ്യുതി പോസ്റ്റിന് സമീപം സ്കൂട്ടറിൽ കാത്തുനിന്ന ഇരുവരെയും 1.922 കിലോ കഞ്ചാവ് സഹിതമാണ് പിടികൂടിയത്. സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഇരുവരും 13 കൊല്ലമായി എറണാകുളത്താണ് താമസം. പാതാളം, എച്ച്.എം.ടി ഭാഗങ്ങളിൽ മീൻ തട്ട് കച്ചവടം നടത്തുകയാണ്. എച്ച്.എം.ടി എൻ.എ.ഡി ഭാഗത്താണ് താമസം. റിമ്പോ എന്നും സുചിത്ത് എന്നും ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒഡീഷ സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു നൽകുന്നതെന്ന് പ്രതികൾ സമ്മതിച്ചു. മൂന്നു മൊബൈൽ ഫോണുകളും സിറാജുൽ ഹഖിന്റെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എറണാകുളം സെൻട്രൽ പൊലീസിനാണ് തുടരന്വേഷണച്ചുമതല.
എം.ഡി.എം.എയുമായി
കോട്ടയം സ്വദേശി പിടിയിൽ
അതിനിടെ, ചേരാനല്ലൂർ തൈക്കാവ് ഫെഡറൽ ലിങ്ക് റോഡ് വെളിയത്താഴം പയ്യപ്പിള്ളിക്ക് സമീപത്തെ വീട്ടിൽ നിന്ന് 8.59 ഗ്രാം എം.ഡി.എം.എയുമായ കോട്ടയം സ്വദേശിയും പിടിയിലായി. സ്വകാര്യ സ്ഥാപനത്തിലെ ബില്ലിംഗ് വിഭാഗത്തിലെ ജീവനക്കാരനായ വെള്ളൂർ ചെമ്പൊടിച്ചിറ സ്വദേശി സബിൻ സാബുവാണ് (25) പിടിയിലായത്. ഇയാൾ അക്കൗണ്ടിംഗ് വിദ്യാർത്ഥി കൂടിയാണ്. വട്ടേക്കുന്നത്തെ ഫാംഹൗസിലായിരുന്നു താമസം. ഇതിനിടെയാണ് വെളിയത്താഴം റെസിഡന്റ്സ് അസോസിയേഷനിൽ വീട് വാടകയ്ക്ക് എടുത്തത്. താമസം മാറ്റാൻ വീട് വൃത്തിയാക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി രാസലഹരിയുമായി ഡാൻസാഫിന്റെ പിടിയിലായത്. ഇയാൾ ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ചേരാനല്ലൂർ പൊലീസിനാണ് തുടരന്വേഷണച്ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |