SignIn
Kerala Kaumudi Online
Sunday, 23 August 2026 5.10 AM IST

റോഡ് നവീകരണം വിനയായി,​ അപകടമുനമ്പായി വളവുകൾ

accident
നെല്ലിമറ്റത്ത് ഇന്നലെ ഉണ്ടായ അപകടത്തിൽപ്പെട്ട കാർ

കോതമംഗലം: കൊച്ചി - മൂന്നാർ റോഡ് നവീകരണം വാഹനങ്ങൾക്ക് മരണക്കെണിയാകുന്നതായി ആക്ഷേപം ശക്തമാകുന്നു. നവീകരണപ്രവൃത്തി പൂർത്തിയായ കോതമംഗലം - നേര്യമംഗലം റോഡിലെ കുത്തുകുഴി, നെല്ലിമറ്റം മേഖലകളിൽ ദിവസേന ഒന്നിലധികം അപകടങ്ങളാണ് നടക്കുന്നത്. വളവുകൾ നിവർത്താതെ ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇന്നലെ നെല്ലിമറ്റം സെൻറ് ജോസഫ്സ് സ്കൂളിന് സമീപത്തെ വളവിൽ നിയന്ത്രണംവിട്ട ഇലക്ട്രിക് കാർ റോഡരുകിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശവും മതിലും തകർന്നു. മുൻപും നിരവധി അപകടങ്ങൾ നടന്ന ഈ വളവിൽ ഇതേ വീടിന്റെ മതിൽ പലതവണ തകർന്നിട്ടുണ്ട്.

വാഹനങ്ങൾക്ക് മികച്ച വേഗതയിൽ സഞ്ചരിക്കാവുന്ന വിധം ടാറിംഗ് നടത്തിയെങ്കിലും വളവുകൾ അതേപടി നിലനിറുത്തിയത് വിനയായി. വേഗതയിൽ വരുന്ന വാഹനങ്ങൾ വളവ് തിരിയുമ്പോൾ നിയന്ത്രണംവിട്ട് ദിശ തെറ്റുകയാണ്. മഴ പെയ്ത് റോഡ് നനഞ്ഞാൽ ടയറുകൾക്ക് ഗ്രിപ്പ് കിട്ടുന്നില്ലെന്നും ബ്രേക്ക് ചെയ്താൽ വാഹനങ്ങൾ വഴുതിപ്പോകുന്നതായും ഡ്രൈവർമാർ പരാതിപ്പെടുന്നു. ബസുകളും ലോറികളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നുണ്ട്.

മൂന്നാറിൽ വിനോദയാത്രക്ക് പോയി മടങ്ങുകയായിരുന്ന ഗുരുവായൂർ സ്വദേശികളുടേതാണ് അപകടത്തിൽപ്പെട്ട കാർ. സ്ത്രീകളുൾപ്പടെ അഞ്ച് യാത്രക്കാരാണുണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

റോഡ് നവീകരണം അശാസ്ത്രീയമെന്ന ആക്ഷേപം വളരെകാലമായുള്ളതാണ്. വളവുകളിലെ അപകട സാദ്ധ്യത പതിൻമടങ്ങ് വർദ്ധിച്ചെന്ന് വ്യക്തമായിട്ടും പരിഹാര നടപടികൾ ഉണ്ടാകുന്നില്ല. അപകടം വർദ്ധിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പഠിച്ച് പരിഹാരം കാണണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. ഇന്നലെ അപകടമുണ്ടായ വളവിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമായി നേരത്തെ ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും അപകടംകുറക്കാൻ പര്യാപ്തമായില്ല.

റോഡിലെ കൊടുംവളവുകൾ നിവർത്താൻ നടപടി വേണം. ടാറിംഗിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കണം. വാഹനങ്ങൾ വഴുതിപോകുന്നതിലും പരിശോധന ആവശ്യമാണ്

എൽദോസ് വർഗീസ്

ഡ്രൈവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL