
കുറ്രകൃത്യം തടയാൻ ഷാഡോ പൊലീസ്
കൊച്ചി: കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാനും പൊതുജനസുരക്ഷ ഉറപ്പാക്കാനും ഷാഡോ പൊലീസ് തിരിച്ചെത്തുന്നു. ആറ് വനിതാ പൊലീസുകാരടക്കം 77 അംഗ ടീമിന് രൂപംനൽകി. ഇവർക്കുള്ള പ്രത്യേക പരിശീലനം ഉടൻ ആരംഭിക്കും. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ മേൽനോട്ടത്തിലാകും പ്രവർത്തനം. പൊതുസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ, മാലപൊട്ടിക്കൽ, പൂവാലശല്യം, പോക്കറ്റടി തുടങ്ങിയവ തടയുകയാണ് പ്രധാന ലക്ഷ്യം. സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നടക്കം കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരാണ് സ്ക്വാഡിൽ.
മുൻകാലങ്ങളിൽ ഉയർന്ന പരാതികൾ പരിഗണിച്ച് പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഓരോ നീക്കവും യൂണിഫോമിലെ ക്യാമറയിലൂടെ നിരീക്ഷിക്കും. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ആഴ്ചതോറും കമ്മിഷണറുടെ നേതൃത്വത്തിൽ റിവ്യൂ മീറ്റിംഗ് നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തും.
നിലവിലുള്ള നിയമങ്ങളും പൊലീസ് ചട്ടങ്ങളും മനുഷ്യാവകാശ-സ്വകാര്യതാ മാനദണ്ഡങ്ങളും പാലിച്ചാകും ഷാഡോ പൊലീസിന്റെ നീക്കങ്ങൾ. പൊതുജനങ്ങളുടെ അവകാശങ്ങളും മാന്യതയും സംരക്ഷിച്ച് ക്രമസമാധാനം ഉറപ്പാക്കും
കാളിരാജ് മഹേഷ് കുമാർ
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്
2022ൽ പിരിച്ചുവിട്ടു
വ്യാജ കേസുകൾ ചുമത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് 2021-2022 കാലഘട്ടത്തിൽ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ഷാഡോ യൂണിറ്റുകൾ പിരിച്ചുവിട്ടത്. പകരം താത്കാലിക സ്ക്വാഡുകളും ലഹരിവിരുദ്ധ പോരാട്ടത്തിനായി 'ഡാൻസാഫ്' ടീമുമാണ് പ്രവർത്തിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |