SignIn
Kerala Kaumudi Online
Thursday, 03 September 2026 3.26 AM IST

തോക്ക് ചൂണ്ടി ക്രിമിനൽ സംഘങ്ങൾ

padam

കേസുകൾ പെരുകുന്നു

ഓൺലൈനിലും സുലഭം

കൊച്ചി: കത്തിക്കും വടിവാളിനും പകരം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിലേക്ക് ക്രിമിനൽ സംഘങ്ങൾ ചുവടുമാറുന്നു. നഗരത്തെ നടുക്കുന്ന തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഓഗസ്റ്റ് 17ന് രാത്രി ഒരു ബാറിലുണ്ടായ നിസാരതർക്കം റിവോൾവർ ചൂണ്ടിയുള്ള ഭീഷണിയിലാണ് കലാശിച്ചത്. അബദ്ധത്തിൽ മദ്യം വീണതിന് മാപ്പ് ചോദിച്ചിട്ടും പ്രകോപിതനായ സോണൽ എന്ന യുവാവ് തോക്കുമായി തെരുവിലിറങ്ങി യുവാവിന്റെ നെഞ്ചിന് നേരെ ചൂണ്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് പ്രതി പിടിയിലായത്.

ഇടപ്പള്ളിയിലും സമാനസംഭവം ആവർത്തിച്ചു. രാത്രിയുടെ മറവിൽ ബൈക്കിലെത്തിയ ഹെൽമെറ്റ് ധാരികൾ സ്വകാര്യബാങ്ക് ജീവനക്കാരിയുടെ വയറ്റിൽ തോക്ക് അമർത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. 'അവൻ വാങ്ങിയ സാധനം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും' എന്നായിരുന്നു ഭീഷണി. കടത്തിയ സ്വർണ ബിസ്‌ക്കറ്റുകൾ തിരിച്ചുപിടിക്കാൻ ലഹരിസ്വർണക്കടത്ത് മാഫിയ അയച്ച ക്വട്ടേഷൻ സംഘമായിരുന്നു ഇത്. എന്നാൽ ആളുമാറിയെന്ന് മനസിലായതോടെ സംഘം ഇരുട്ടിലേക്ക് മറഞ്ഞു. ഓൺലൈൻ സൈറ്റുകൾ വഴിയും കൊറിയറുകൾ വഴിയും സുലഭമായി ലഭിക്കുന്ന എയർപിസ്റ്റളുകളും റിവോൾവറുകളുമാണ് ക്രിമിനൽ സംഘങ്ങൾ കൈവശം സൂക്ഷിക്കുന്നത്.

തോക്കിനെ വെല്ലും എയ‌ർഗൺ

0.177 കാലിബറിന് താഴെയുള്ള എയർതോക്കുകൾക്ക് ലൈസൻസ് വേണ്ടെന്ന നിയമപരമായ വിടവും തടസമില്ലാത്ത ഓൺലൈൻ വില്പനയുമാണ് ഗുണ്ടകളും മറ്റും മുതലെടുക്കുന്നത്. ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന രൂപവും പെട്ടെന്ന് മരണഭയം സൃഷ്ടിക്കാനുള്ള ശേഷിയുമാണ് എയർതോക്കുകളെ അധോലോകത്തിന് പ്രിയങ്കരമാക്കുന്നത്. നിയമനടപടികളും ഡിജിറ്റൽ നിരീക്ഷണവും ശക്തമാക്കിയാൽ മാത്രമേ വ്യാജതോക്ക് ഭീതിയിൽ നിന്ന് കൊച്ചിയെ മുക്തമാക്കാനാവൂ.

പ്രതിരോധ മാർഗങ്ങൾ

1. ഇകൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയെത്തുന്ന എയർഗണ്ണുകളുടെ പാഴ്‌സലുകൾ കൃത്യമായി ട്രാക്ക് ചെയ്യാനും കൊറിയർ ഹബുകളിൽ സ്‌കാനിംഗ് കർശനമാക്കാനും സംവിധാനമൊരുക്കുക
2. ടെലിഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയിലെ നിയമവിരുദ്ധ ആയുധവില്പന ഗ്രൂപ്പുകളെ കണ്ടെത്താൻ സൈബർ പൊലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡിനെ നിയോഗിക്കുക
3. എയർഗൺ വാങ്ങുന്നവർക്ക് പൊലീസ് വെരിഫിക്കേഷൻ ഏർപ്പെടുത്തുക
4. ലഹരി-സ്വർണക്കടത്ത് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിന്റെ പരിശോധന വ്യാപിപ്പിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PISTOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL