
കൊച്ചി: കൊച്ചിക്കായലിൽ 'തോക്കുമായി" രണ്ടു ചെമ്മീനുകളെ കണ്ടെത്തി. ശത്രുക്കളെയും ഇരകളെയും കണ്ടാലുടൻ വെടിപൊട്ടിക്കും. ശത്രു പറപറക്കും. സ്തംഭിച്ചുപോകുന്ന ഇര, ചെമ്മീന്റെ ഇറുക്കുകാലിൽ കുടുങ്ങും. കായലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഊന്നി വലകളിൽ കുടുങ്ങിയ ഇവയെ കുസാറ്റ് ഗവേഷകസംഘം പഠനവിധേയമാക്കിയപ്പോഴാണ് നിസാരന്മാരല്ലെന്ന് കണ്ടെത്തിയത്. ജനിതക പഠനത്തിൽ ഇവ പ്രത്യേക ഇനമാണെന്ന് കണ്ടെത്തി. മറ്റേതെങ്കിലും മേഖലയിൽ ഈ ഇനങ്ങളുണ്ടാകാമെങ്കിലും ആദ്യമായാണ് റിപ്പോർട്ട് ചെയ്തത്.
ശത്രുക്കളെ പേടിപ്പിക്കാൻ നീളമുള്ള മുൻകാലുകൾ ഉപയോഗിച്ചാണ് ശബ്ദമുണ്ടാക്കുക. കാലുകളിലൊന്ന് ഇരകളെ ഇറുക്കിപ്പിടിക്കാനും മറ്റൊന്ന് ശബ്ദതരംഗമുണ്ടാക്കുകയും ചെയ്യുന്നു. ഇര നിശ്ചലമാകുമ്പോൾ പിടികൂടുന്നു. സ്‌നാപ്പിംഗ് ഷ്രിംപ്, പിസ്റ്റൾ ഷ്‌റിംപ് എന്നും അറിയപ്പെടുന്നു. ഇവയ്ക്ക് 'ആൽഫിയസ് വെമ്പനാടി" എന്നും 'ആൽഫിയസ് ഹരി" എന്നും പേരിട്ടു. വേമ്പനാട്ട് കായലിൽ നിന്നായതിനാലാണ് പേരിൽ വെമ്പനാടി എന്നുചേർത്തത്. സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സീനിയർ പ്രൊഫസർ ഡോ. എം. ഹരികൃഷ്ണനോടുള്ള ബഹുമാന സൂചകമായാണ് 'ആൽഫിയസ് ഹരി" എന്ന പേര്.
അടിത്തട്ടിലെ ചെറുകുഴികളിൽ ഇവയെ കാണാം
'ഹരി"ക്ക് ശുദ്ധജലത്തിലും ജീവിക്കാം. റിസർച്ച് സ്‌കോളർ കൈമകുളങ്ങര വിഷ്ണു, ജപ്പാനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ടോമോയുകി കൊമായി, മോളിക്യുലർ ടാക്‌സോളമി വിദഗ്ദ്ധൻ ഡോ.ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീൻ, ഡോ.അക്ഷയ് ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. ജനുവരിയിൽ കൊച്ചി കായലിൽ നിന്ന് മറ്റൊരു തോക്കുചെമ്മീനെയും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടലിന്റെ അടിത്തട്ടിലെ ചെറുകുഴികളിലാണ് തോക്കുചെമ്മീനുകൾ കാണപ്പെടുക. ഏഴ് സെന്റീമീറ്റർ വരെ വളരും. ഇവ ശബ്ദമുണ്ടാക്കുമ്പോൾ ചെളിക്ക് ഇളക്കമുണ്ടാകുന്നത് പരിസ്ഥിതിക്ക് ഗുണകരമാണ്. വിഷവാതകങ്ങൾ പുറത്തുപോകുമെന്നതിന് പുറമേ കണ്ടൽച്ചെടികൾ നന്നായി വളരാനും സഹായകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |