
പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ജലപാതയ്ക്കും പുതുജീവൻ
കൊച്ചി: മൂവായിരം വർഷത്തെ ചരിത്രമുറങ്ങുന്ന മുസിരിസ് പൈതൃക തീരങ്ങളിൽ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ടൂറിസം പദ്ധതികളുടെ തിരയിളക്കം. 18 പൈതൃക കേന്ദ്രങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിത്തുടങ്ങി.
കട്ടപ്പുറത്തായിരുന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണി വേഗത്തിലായതോടെ പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ജലപാതയ്ക്കും ജീവൻ വയ്ക്കുകയാണ്. 14 ബോട്ടുകളിൽ രണ്ടെണ്ണം നവീകരിച്ച് സർവീസ് പുനഃരാരംഭിച്ചു. നാലെണ്ണത്തിന്റെ നവീകരണം പുരോഗമിക്കുന്നു. മൂന്നെണ്ണം പൊളിക്കുകയും അഞ്ചെണ്ണം പൊളിക്കാൻ നടപടി ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
മുസിരിസിന്റെ ഭാഗമായ പറവൂർ, കൊടുങ്ങല്ലൂർ, ആലപ്പുഴ പൈതൃക മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ആഗോള ടൂറിസം കേന്ദ്രമാക്കാനാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. ഒരുകാലത്ത് വ്യാപാരത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രധാന കേന്ദ്രമായിരുന്ന പുരാതന തുറമുഖത്തിന്റെ പൈതൃകം വീണ്ടെടുക്കും.
നടത്തിപ്പിനായി ഉദ്യോഗസ്ഥരെ നിയമിച്ചു
2016 ഫെബ്രുവരി 27ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. വിവിധ കാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ല. ബോട്ടുകൾ കട്ടപ്പുറത്തായതോടെ പദ്ധതി കടലാസിലൊതുങ്ങി. കോട്ടപ്പുറം വാട്ടർഫ്രണ്ട്, കോട്ടപ്പുറം കോട്ട, പാലിയംകൊട്ടാരം, നാലുകെട്ട്, ചേന്ദമംഗലം സിനഗോഗ്, ചെറായി സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാപ്പള്ളി, അഴീക്കോട് മാർത്തോമാ തീർത്ഥാടനകേന്ദ്രം എന്നിവിടങ്ങളിലൂടെയാണ് ബോട്ടുയാത്ര. പറവൂർ വാട്ടർഫ്രണ്ടിൽനിന്ന് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം വരെ സായാഹ്ന സർവീസും ഉണ്ടായിരുന്നു. ഓരോ മാസവും 5000 വിനോദസഞ്ചാരികൾ വരെ എത്തിയിരുന്നു.
എറണാകുളം സ്വദേശിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതികളിൽ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെയാണ് അദ്ദേഹം നടത്തിപ്പിനായി നിയോഗിച്ചത്.
ട്രാവൽ മാർട്ടിൽ താരമാകും
24 മുതൽ 27 വരെ കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ മുസിരിസിനെ പ്രധാന ടൂറിസം പദ്ധതിയായി അവതരിപ്പിക്കും. 1,200 ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 24ന് വില്ലിംഗ്ടൺ ഐലൻഡിലെ ഉദ്ഘാടനത്തിൽ രാജ്യാന്തര പ്രതിനിധികൾ പങ്കെടുക്കും. 25, 26, 27 തിയതികളിൽ പ്രദർശനമേളകൾ നടക്കും. സന്ദർശകരെ പുതിയ ടൂറിസം-ആയുർവേദ കേന്ദ്രങ്ങൾ, താമസകേന്ദ്രങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തും. ഇതോടൊപ്പം ഉൾനാടൻ ടൂറിസം സാദ്ധ്യതകളും പരിചയപ്പെടുത്തും. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ജലപാതകൾ സജീവമാകുന്നത് ചരക്ക് ഗതാഗതത്തിനടക്കം നേട്ടമാകും.
ചരിത്രത്തിലേക്കൊരു യാത്ര
പറവൂർ സിനഗോഗ്, ചേന്ദമംഗലം സിനഗോഗ്, പാലിയം നാലുകെട്ട്, പാലിയം ഡച്ച് പാലസ്, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം ഫോർട്ട്, കോട്ടപ്പുറം ഫോർട്ട്, കനാൽ ഹൗസ്, ബംഗ്ലാവ് കടവ്, കോട്ടപ്പുറം, മാർക്കറ്റ്, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പറവൂർ വാട്ടർഫ്രണ്ട് തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. ഇവ പഴയ പ്രതാപത്തോടെ വീണ്ടെടുത്താൽ കേരളവുമായി ചരിത്രപരമായി ബന്ധമുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കാനാകും. യു.കെയിൽ നിന്നുള്ളവരാണ് കേരളത്തിൽ കൂടുതലുമെത്തുന്നത്. ഇസ്രയേലിലെയും അറേബ്യൻ നാടുകളിലെയും സന്ദർശകരും കൂടിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |