കോലഞ്ചേരി: കുന്നത്തുനാടിന്റെ കായിക സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരാൻ വി.പി.സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ എം.എൽ.എ ചാമ്പ്യൻസ് കപ്പ് സംഘടിപ്പിക്കുന്നു. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ ഇനങ്ങളിൽ മണ്ഡലത്തിലെ യുവപ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ടൂർണമെന്റ് ലോഗോ പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയ്, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ. മുക്താർ, പ്രോഗ്രാം കൺവീനർ അഷ്റഫ് തേനൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജിത നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ സമിത അൻസാർ, ജാസ്മിൻ ഫൈസൽ, സുമയ്യ ഷിഹാബ്, കെ.എം. അബ്ദുൽ അസീസ്, സുധീർ മുച്ചത്ത്, കോ-ഓർഡിനേറ്റർമാരായ ജയ്സൽ ജബ്ബാർ, സി.കെ. സിറാജ്, അനീഷ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 27ന് വാഴക്കുളം മുടിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. ഒക്ടോബർ 4ന് സമാപിക്കും.
ക്രിക്കറ്റ് ഒക്ടോബർ 26 മുതൽ,
വോളിബാൾ ഡിസംബറിൽ
ചാമ്പ്യൻസ് കപ്പിലെ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 26ന് ആരംഭിച്ച് നവംബർ ഒന്നിന് സമാപിക്കും. വോളിബാൾ ടൂർണമെന്റ് ഡിസംബറിൽ പട്ടിമറ്റത്ത് നടക്കും. മൂന്ന് കായിക ഇനങ്ങളിലൂടെയും മണ്ഡലത്തിലെ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് സംഘാടകർ. കായികരംഗത്ത് പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിനൊപ്പം യുവാക്കളെ ലഹരിയിൽനിന്ന് അകറ്റുന്നതിലും ഇത്തരം കായിക കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
യുവതലമുറയുടെ കായികശേഷിക്ക് കൂടുതൽ വേദികൾ ഒരുക്കുകയെന്നത് വലിയ ആഗ്രഹമാണ്. മണ്ഡലത്തിലെ പരമാവധി യുവതാരങ്ങൾ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമാകണം. ടൂർണമെന്റ് വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണം
വി.പി. സജീന്ദ്രൻ
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |