കൊച്ചി: എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം 32 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൊച്ചി വാട്ടർ മെട്രോ ടെർമിനലിന്റെ പൈലിംഗ് ജോലികൾക്ക് തുടക്കമായി. ഒരു കൊല്ലത്തിനകം പ്രവർത്തനം തുടങ്ങാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മാണമെന്ന് കെ.എം.ആർ.എം.എൽ അവകാശപ്പെട്ടു. ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ടെർമിനലാണിത്. കെ.എം.ആർ.എൽ പ്രോജക്ട്‌സ് ഡയറക്ടർ ഡോ. എം.പി. രാംനവാസ്, വാട്ടർ ട്രാൻസ്‌പോർട്ട് ചീഫ് ജനറൽ മാനേജർ ഷാജി പി. ജനാർദ്ദനൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ 8നാണ് പൈലിംഗ് തുടങ്ങിയത്.
കേരളീയ വാസ്തുശില്പ
മാതൃകയിൽ
പരമ്പരാഗത കേരളീയ വാസ്തുശില്പ ശൈലിയിലാണ് ടെർമിനൽ രൂപകല്പന ചെയ്തിരിക്കുന്നത്.
രണ്ടു നിലകളിലായി 18,000 ചതുരശ്ര അടിയാണ് (ഓരോ നിലയിലും 9,000 ചതുരശ്ര അടി വീതം) വിസ്തീർണം. ഒന്നാംനില വാണിജ്യ ആവശ്യങ്ങൾക്ക് മാറ്റിവയ്ക്കും.
45 മീറ്റർ ആഴത്തിൽ 1 മീറ്റർ, 600 എം.എം വ്യാസമുള്ള ആകെ 72 പൈലുകളാണ് ഉപയോഗിക്കുന്നത്. കൂൾ ഹോം ബിൽഡേഴ്‌സാണ് കരാർ കമ്പനി. കിറ്റ്‌കോയാണ് ഡിസൈൻ കൺസൾട്ടന്റ്.
പശ്ചിമ കൊച്ചിയിലേക്ക് നേരിട്ട് സർവീസ്
ടെർമിനൽ പ്രവർത്തനസജ്ജമാകുമ്പോൾ മട്ടാഞ്ചേരി, ഫോർട്ട്‌കൊച്ചി, കുമ്പളം, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്താം. വാട്ടർ മെട്രോയുടെ ഏറ്റവും തിരക്കുള്ള ടെർമിനലായി ഇത് മാറുമെന്നാണ് പ്രതീക്ഷ. എറണാകുളം ജനറൽ ആശുപത്രി എറണാകുളം സെന്റ് തെരേസാസ് കോളേജ്, സ്‌കൂൾ, ലാ കോളേജ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ ടവർ, ജനറൽ ആശുപത്രി, മഹാരാജാസ് കോളേജ്, ജില്ലാ കോടതി, കണയന്നൂർ താലൂക്ക് ഓഫീസ്, ശിവക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നവർക്ക് എളുപ്പത്തിൽ ആശ്രയിക്കാൻ കഴിയുന്ന ടെർമിനലാകുമിത്.
രണ്ട് ഫ്ലോട്ടിംഗ് ജെട്ടികൾ
രണ്ടു ഫ്‌ളോട്ടിംഗ് ജെട്ടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ഫ്‌ളോട്ടിംഗ് ജെട്ടി പൂർത്തിയാക്കും. ബോട്ടുകൾക്കുള്ള ചാർജിംഗ് പോയിന്റുകൾ, ഫ്യുവലിംഗ് സ്റ്റേഷൻ എന്നിവ ഇവിടെ സജ്ജീകരിക്കും. പുതിയ ബോട്ടുകളുടെ ആവശ്യകത മുൻനിറുത്തി 15 ബോട്ടുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
കൂടാതെ ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകളുടെ ടെൻഡർ നടപടികളും പൂർത്തിയായിവരുന്നു. ഇടക്കൊച്ചിക്ക് 20 കോടി രൂപയും വരാപ്പുഴയ്ക്ക് 16 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. നിലവിൽ കാക്കനാട്, വൈറ്റില, വൈപ്പിൻ, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലാണ് കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |