വൈപ്പിൻ: ഓണം കഴിഞ്ഞാൽ വിലയിടിയുന്ന പതിവ് തെറ്റിച്ച് ഏത്തക്കായ വില കുതിക്കുന്നു. പച്ചക്കായയ്ക്കും പഴത്തിനും വിലയേറി. നാടൻ ഏത്തക്കുല ചില്ലറ വില കിലോയ്ക്ക് 90 രൂപ കഴിഞ്ഞു. ഇത്രയും വില വരുന്നത് ഏറെക്കാലത്തിനു ശേഷമാണെന്ന് കർഷകർ പറയുന്നു. ഏത്തക്കുലകൾ ആവശ്യത്തിന് കിട്ടാനില്ലാത്തതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. ഇപ്പോൾ വിളവെടുക്കാനിരുന്ന വാഴകൾ ഓഗസ്റ്റിലെ കനത്ത മഴയിൽ നശിച്ചു പോയി. തമിഴ്നാട്ടിൽ വെള്ളത്തിന്റെ ദൗർലഭ്യവും വാഴക്കൃഷിയെ ബാധിച്ചു. രണ്ടുമാസം കഴിഞ്ഞാലേ തമിഴ്നാട്ടിലെ പുതിയ കുലകൾ വിളവെടുപ്പിന് പാകമാകൂ. ഏത്തക്കായ വില ഓണക്കാലത്ത് കിലോയ്ക്ക് 70-75 രൂപ നിരക്കിലായിരുന്നു കർഷകർക്ക് ലഭിച്ചത്. കൃഷിഭവനുകളടക്കം അന്ന് കർഷകരിൽ നിന്ന് 78 രൂപയ്ക്ക് കുല ശേഖരിച്ചു.
നിലവിൽ തമിഴ്നാട്ടിൽ 50 - 60 രൂപയോളമാണ് ഏത്തക്കായ വില. ഏത്തക്കായുടെ വിലക്കയറ്റത്തിനൊപ്പം ഞാലിപ്പൂവൻ വിലയും കൂടി. ഇപ്പോൾ 120 രൂപ വരെയായി ഞാലിക്ക്. പച്ചക്കറി വിലയിലും വർദ്ധനവാണ്. ബീൻസ് കിലോ 100 രൂപ, പാവക്ക 90, കോവക്ക 80, വെള്ളരി 60 എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസത്തെ വില. ഓണക്കാലത്തുപോലും പച്ചക്കറികൾക്ക് ഇത്രയും വില ഉണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |