
കൊച്ചി: സെഫാനിയയ്ക്ക് മുന്നിൽ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളിൽ നല്ലൊരു പോൾ കിട്ടണം. എന്നാലേ സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച് അകാലത്തിൽ പൊലിഞ്ഞ പിതാവ് നിറ്റുവിന് നൽകിയ വാക്ക് നിറവേറ്റാനാകൂ. ഇന്നലെ നടന്ന സീനിയർ ഗേൾസ് പോൾവാൾട്ട് മത്സരത്തിൽ ചെറിയ പോളുമായി ഇറങ്ങിയാണ് കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ താരം സ്വർണനേട്ടത്തോടെ കോഴിക്കോട്ടേക്ക് ടിക്കറ്റുറപ്പിച്ചത്. മൂന്ന് മീറ്റർ കീഴടക്കിയായിരുന്നു നേട്ടം. കരിയർ ബെസ്റ്റായ 3.10 മീറ്റർ മറികടക്കാൻ കൈവശമുള്ള പോൾ തടസമായി.
ഒന്നര ലക്ഷത്തോളം രൂപയാകും പുതിയ പോളിന്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇത്രയും തുക മുടക്കി പോൾ വാങ്ങുകയെന്നത് സ്വപ്നംപോലും കാണാൻ കഴിയാത്തതാണ്. ബി.എഡിന് പഠിക്കുന്ന മാതാവ് മേരി ധന്യ ജോണാണ് സെഫാനിയയുടെ ആത്മബലം. സ്കൂൾ ഹോസ്റ്റലിൽ നിന്നാണ് പഠനം. നാല് വർഷമായി സി.ആർ. മധുവിന് കീഴിലാണ് പരിശീലനം. കഴിഞ്ഞ വർഷവും അതിന് മുമ്പും സുമനസുകൾ സമ്മാനിച്ച പോൾ ജൂനിയർ വിഭാഗത്തിൽ മത്സരത്തിനിടെ ഒടിഞ്ഞുപോയിരുന്നു.
പതറാതെ പോരാടിയ സെഫാനിയ ആദ്യ കായികമേളയിൽ വെള്ളിയും കഴിഞ്ഞവർഷം സ്വർണവും നേടിയിരുന്നു. 2024ൽ മത്സരം കാണാൻ പിതാവ് ജിറ്റുവുണ്ടായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വെള്ളി മെഡൽ നേടിയപ്പോൾ പിതാവിന് നൽകിയ വാക്കാണ് ഇനിമുതൽ എല്ലാ മത്സരങ്ങളിലും സ്വർണം നേടുമെന്നത്. പോൾ ഇല്ലാത്തതിനാൽ കഴിഞ്ഞ മാസം ഗോവയിൽ നടന്ന വേൾഡ് സ്കൂൾ മീറ്റിനുള്ള സെലക്ഷനിൽ യോഗ്യത നേടാൻ കഴിഞ്ഞില്ല. സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് സെഫാനിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |