SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കം രഹസ്യ കൊടിയേറ്റം

sefania

കൊച്ചി: മത്സരങ്ങൾ മാറ്റിവച്ചുവെന്ന് ആദ്യം അറിയിച്ചു. എന്നിട്ട് ഇന്നലെ രാവിലെ രഹസ്യമായി നടത്തി. എറണാകുളം ജില്ലാ കായികമേളയ്ക്ക് 'കല്ലുകടിയോടെ' തുടക്കം. സീനിയർ-ജൂനിയർ ബോയ്‌സ്-ഗേൾസ് പോൾവാൾട്ട് മത്സരങ്ങൾ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലും ഇതേ വിഭാഗങ്ങളിലെ 3,000 മീറ്റർ ദീർഘദൂര ഓട്ടമത്സരമടക്കം എട്ട് ഫൈനലുകളാണ് ഇന്നലെ നിശ്ചയിച്ചിരുന്നത്.

ഇടുക്കിയിലെ ഹർത്താലും ഇംപ്രൂവ്‌മെന്റ് പരീക്ഷകളും കണക്കിലെടുത്ത് മത്സരങ്ങൾ റദ്ദാക്കിയെന്നും പിന്നീട് നടത്തുമെന്നും കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അറിയിപ്പ് നൽകിയത്. രാവിലെയായപ്പോൾ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് ഗ്രൗണ്ടിൽ പോൾവാൾട്ട് മത്സരങ്ങൾ മാദ്ധ്യമങ്ങളെ പോലും അറിയിക്കാതെ നടത്തുകയായിരുന്നു. മത്സരാർത്ഥികൾ എല്ലാവരും എത്തി എന്നതാണ് കാരണമായി പറഞ്ഞത്. പോയിന്റ് പ്രഖ്യാപിച്ചിട്ടില്ല. 3000 മീറ്റർ പിന്നീട് നടത്തുമെന്നാണ് വിവരം.

 ഇന്ന് 24 ഫൈനൽ

കിരീടത്തുടർച്ചയ്ക്ക് കോതമംഗലം. അട്ടിമറി ലക്ഷ്യമിട്ട് അങ്കമാലി. കഴിഞ്ഞ വർഷങ്ങളിലെ ക്ഷീണം തീർക്കാൻ പെരുമ്പാവൂരും വൈപ്പിനും എറണാകുളവുമടക്കം 14 ഉപജില്ലകൾ. ഇന്ന് ട്രാക്കും ഫീൽഡും ഔദ്യോഗികമായി ഉണരുമ്പോൾ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പോര് കനക്കുമെന്ന് ഉറപ്പായി. ഇന്ന് 24 ഇനങ്ങളിൽ ഫൈനൽ നടക്കും. വേഗതാരങ്ങളെയും ഇന്ന് അറിയാം. 267 പോയിന്റ് സ്വന്തമാക്കിയാണ് തുടർച്ചയായ 22-ാം കിരീടം കഴിഞ്ഞവർഷം കോതമംഗലം നിലനിറുത്തിയത്. ജമ്പിലും ത്രോയിലും ട്രാക്കിലും പൊന്നുറപ്പിക്കാൻ മികച്ച ടീമുമായാണ് ഇക്കുറി കിഴക്കൻ ഉപജില്ലക്കാരുടെ നഗരത്തിലേക്കുള്ള വരവ്. കഴിഞ്ഞവർഷം ചാമ്പ്യന്മാരുടെ ലീഡ് കുറച്ച അങ്കമാലി കിരീടം ഉറപ്പിച്ചാണ് ഇറങ്ങുന്നത്. 2024ൽ 162 പോയിന്റ് മാത്രം നേടിയ അങ്കമാലി 2025ൽ കൈപ്പിടിയിൽ ഒതുക്കിയത് 217 പോയിന്റാണ്. 2023ൽ വെറും 92 പോയിന്റിൽ നിന്നുള്ള അങ്കമാലിയുടെ കുതിപ്പ് കോതമംഗലത്തിന്റെ വിജയത്തുടർച്ചയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ആവനാഴിയിൽ ഒരുപിടി താരങ്ങളുമായാണ് അങ്കമാലി എത്തുന്നത്.

 പിറക്കുമോ മീറ്റ് റെക്കാഡുകൾ?
കഴിഞ്ഞ ജില്ലാ കായികമേളയിൽ ആകെ പിറന്നത് ഒരേയൊരു മീറ്റ് റെക്കാഡായിരുന്നു. സബ് ജൂനിയർ 200 മീറ്ററിൽ എഡിസൺ മനോജായിരുന്നു ആ താരം. മീറ്റ് റെക്കാഡോടെ സ്വർണ്ണനേട്ടം ലക്ഷ്യമിട്ടുള്ള കഠിന പരിശീലനത്തിലായിരുന്നു താരങ്ങൾ പലരും.

 മേയർ ഉദ്ഘാടനം ചെയ്യും
രാവിലെ ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം എന്നിവ നടക്കും. മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം നിർവഹിക്കും. 100, 600, 800 മീറ്റർ മത്സരങ്ങളും ഷോട്പുട്ട്, ഡിസ്‌കസ്‌ത്രോ, ജാവലിൻത്രോ, ലോംഗ്ജമ്പ്, ഹൈജമ്പ്, റിലേ മത്സരങ്ങളും നടക്കും. 14 ഉപജില്ലകളിൽനിന്ന് 3000 കായികതാരങ്ങൾ പങ്കെടുക്കും. 19ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL