കൊച്ചി: ക്ലാസ് കട്ട് ചെയ്ത് സ്കൂൾ ഗ്രൗണ്ടിലിരിക്കെ യാദൃച്ഛികമായി ട്രയൽസിൽ പങ്കെടുക്കേണ്ടിവന്ന പി.വി. വിനായക് ജില്ലാ സ്കൂൾ കായികമേളയിലെ അതിവേഗ താരങ്ങളിൽ ഒരാളായ സന്തോഷത്തിലാണ്. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിലാണ് ജി.എച്ച്.എസ്.എസ് ചേരാനെല്ലൂരിന്റെ താരം സ്വർണം നേടിയത്. കരിയറിലെ ആദ്യ ജില്ലാ സ്കൂൾ കായികമേളയിൽ തന്നെ മികച്ച വേഗത്തിൽ ലക്ഷ്യം തൊടാൻ വിനായകിനായി. പരിശീലകരൊന്നുമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെയാണ് നേട്ടം. ഇന്ന് നടക്കുന്ന 400 മീറ്റർ ഓട്ടത്തിലും റിലേയിലും വിനായക് മത്സരിക്കുന്നുണ്ട്.
മികച്ച ഫുട്ബാൾ താരം കൂടിയായ വിനായക് ഉപജില്ലാ മത്സരങ്ങൾക്കിടെ ക്ലാസ് ഒഴിവാക്കി ഗ്രൗണ്ടിലിരിക്കുമ്പോഴാണ് ഒരു ടീച്ചറുടെ ശ്രദ്ധയിൽപ്പെടുന്നത്. ടീച്ചറുടെ നിർദ്ദേശപ്രകാരം ട്രയൽസിൽ പങ്കെടുത്ത വിനായക്, പരിശീലനം ലഭിച്ചെത്തിയവരെയെല്ലാം പിന്നിലാക്കി ഒന്നാമതെത്തി. ഉപജില്ലയിൽ സ്വർണം നേടിയാണ് താരം ജില്ലയിലേക്കെത്തിയത്. ആലപ്പുഴ കുട്ടനാട് സ്വദേശി പ്രജീഷിന്റെയും പെരുമ്പാവൂർ പോളിടെക്നിക് കോളേജ് ജീവനക്കാരി നീതുവിന്റെയും മകനാണ്. സഹോദരൻ നിരഞ്ജനൊപ്പമാണ് വിനായക് മത്സരത്തിനെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |