കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ട് സാക്ഷി. കഴിഞ്ഞമാസം പിതാവ് വെള്ളി മെഡൽ നേടിയ ട്രാക്കിൽ ഇന്നലെ മകൾക്ക് സ്വർണ നേട്ടം. തോപ്പുംപടി അവർ ലേഡീസ് ജി.എച്ച്.എസിലെ മിന്നും താരം ത്രയ ബിനുവാണ് ജൂനിയർ ഗേൾസ് 100മീറ്റർ മത്സരത്തിൽ പിതാവും വെറ്ററൻ താരവുമായ ബിനുവിനെ സാക്ഷിയാക്കി പൊന്നണിഞ്ഞത്. മലയാളി മാസ്റ്റേഴ്സ് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിലായിരുന്നു ബിനു വെള്ളി നേടിയത്.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ത്രയ സ്വർണം സ്വന്തമാക്കിയത്. 400, 200 മീറ്റർ മത്സരങ്ങളിലും താരം ഇന്ന് പങ്കെടുക്കുന്നുണ്ട്. കണ്ണമാലി സ്വദേശിനിയായ ത്രയ രാവിലെയും വൈകിട്ടും ഒരു മണിക്കൂറിലധികം യാത്രചെയ്ത് മഹാരാജാസ് ഗ്രൗണ്ടിലെത്തിയാണ് പരിശീലനം നടത്തുന്നത്.
ജില്ലാ സ്കൂൾ കായികമേളയിൽ ത്രയയുടെ ആദ്യ സ്വർണനേട്ടമാണിത്. സംസ്ഥാന സ്കൂൾ കായികമേളയിലും സ്വർണം നേടണമെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ ആഗ്രഹം. എൻജിനിയർ നിതയാണ് മാതാവ്. സഹോദരി തീർത്ഥ ടേബിൾ ടെന്നീസ് താരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |