
കോതമംഗലം ഉപജില്ല ബഹുദൂരം മുന്നിൽ
കൊച്ചി: ഇക്കുറിയും പതിവ് തെറ്റിയില്ല. രണ്ടാംദിനം മെഡൽവേട്ടയുമായി കിരീടത്തിലേക്കുള്ള കോതമംഗലത്തിന്റെ കുതിപ്പ് ഹൈറേഞ്ചിൽ തന്നെ. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടങ്ങിയ റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ 27 ഫൈനലുകൾ പൂർത്തിയായപ്പോൾ 14 സ്വർണവും 9 വെള്ളിയും ഏഴ് വെങ്കലവുമടക്കം 107 പോയിന്റാണ് കോതമംഗലത്തിന്റെ സമ്പാദ്യം. 3 സ്വർണവും 4 വെങ്കലവുമായി 24 പോയിന്റോടെ പെരുമ്പാവൂരാണ് തൊട്ടുപിന്നിൽ. 23 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് എറണാകുളം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ അങ്കമാലി 20 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2 സ്വർണം, 2 വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് സമ്പാദ്യം.
സ്കൂളുകളിൽ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിന്റെ സർവാധിപത്യമാണ്. 12 സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി 83 പോയിന്റ് ആദ്യദിനം തന്നെ പോക്കറ്റിലാക്കി. 13 പോയിന്റുമായി കീരംപാറ സെന്റ് സ്റ്റീഫൻസാണ് രണ്ടാമത്. രണ്ട് സ്വർണവും ഒരു വെങ്കലവുമാണ് നേട്ടം. മൂന്നാമതുള്ള മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്.എസിനും 13 പോയിന്റാണ്. ഒരു സ്വർണവും രണ്ട് വീതം വെങ്കലവും വെള്ളിയുമാണ് സ്വന്തമാക്കിയത്. കായികമേളയ്ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |