
കൊച്ചി: കായികതാരമാകണമെന്ന അച്ഛന്റെ ആഗ്രഹം നെഞ്ചിലേറ്റിയ മകൾ ത്രോയിംഗ് പിറ്റിൽ നിന്ന് സ്വന്തമാക്കിയത് ഇരട്ട സ്വർണം. സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലുമാണ് കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ അശ്വതി ഇരട്ട സ്വർണം തൂക്കിയത്.
ശനിയാഴ്ച നടന്ന ഷോട്ട് പുട്ട് മത്സരത്തിൽ 10.50 മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആദ്യ സ്വർണം. 24.87 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പറത്തിയാണ് അശ്വതി രണ്ടാം മെഡൽ നേടിയത്. ഇന്ന് ഹാമർത്രോ മത്സരത്തിലും താരം പങ്കെടുക്കുന്നുണ്ട്.
ആദ്യകാലത്ത് സ്പോർട്സിനോട് താത്പര്യമുണ്ടായിരുന്നില്ല അശ്വതിക്ക്. തടിപ്പണിക്കാരനായ അച്ഛൻ ഗോപിക്ക് മകൾ രാജ്യമറിയുന്ന കായികതാരമാകണമെന്നായിരുന്നു ആഗ്രഹം. തുടർന്ന് പരിശീലനം തുടങ്ങി. തൊടുപുഴ വഴിത്തല സ്വദേശിനിയായ അശ്വതി കഴിഞ്ഞ അഞ്ച് വർഷമായി കായികരംഗത്ത് സജീവമാണ്. അടുത്തിടെ നടന്ന ഇന്റർക്ലബ് സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഡിസ്കസ് ത്രോയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇത്തവണ സ്വർണം ലക്ഷ്യമിട്ടുള്ള കഠിന പരിശീലനമാണ് അശ്വതിയെ വിജയത്തിലെത്തിച്ചത്. സുജാത ഗോപിയാണ് അമ്മ. സഹോദരി: അശ്വനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |