ആലുവ: ആലുവയുടെ ലാൻഡ് മാർക്കായ മാർത്താണ്ഡവർമ്മ പാലം പെരിയാറിന് കുറുകെ പൂർവ്വാധികം ശക്തിയോടെ വീണ്ടും തലയുയർത്തി നിൽക്കും. ബലപ്പെടുത്തി തുറക്കുമെന്ന് വാക്ക് നൽകിയതിനും ഒരു ദിവസം മുമ്പ് തന്നെ. കഴിഞ്ഞ 28ന് അറ്റകുറ്റപ്പണിക്കായി അടച്ചപാലം നവംബർ ആറിന് തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. നിലവിൽ ബലപ്പെടുത്തൽ പൂർത്തിയായി. കോൺക്രീറ്റ് ഉറയ്ക്കേണ്ട താമസം മാത്രം.
മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്കുള്ള പുതിയ വഴി എന്ന നിലയിൽ തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമ്മയാണ് 1940 ജൂൺ 14ന് പാലം തുറന്നത്. പാലം തുറന്നിട്ട് നവംബർ 14ന് 86 വർഷവും അഞ്ച് മാസവും പൂർത്തിയാകും. തിരുകൊച്ചിയിലെ ആദ്യ ആർച്ച് പാലമെന്ന ഗരിമയും സ്വന്തം. അഞ്ചര മീറ്റർ വീതിയും 141 മീറ്റർ നീളവുമുള്ള പാലത്തിൽ ഇരുഭാഗത്തും മൂന്ന് വീതം ആർച്ചുകളാണുള്ളത്. എട്ട് ലക്ഷം രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ട് നിർമ്മാണം.
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചിഹ്നം ഇപ്പോഴും ശിലാഫലകത്തിലുണ്ട്. ചീഫ് എൻജിനിയർമാരായിരുന്ന ബ്രിട്ടീഷുകാരൻ ജി.ബി.എസ്. ട്രസ്‌കോട്ട്, എം.എസ്. ദുരൈസ്വാമി എന്നിവരുടെ മേൽനോട്ടത്തിൽ ജെ.ബി ഗാമൺ ആൻഡ് കമ്പനിയാണ് പാലം നിർമ്മിച്ചത്.
പ്രകമ്പനം കുറയ്ക്കാൻ
ഇറ്റാലിയൻ സ്പ്രിംഗ്
പാലത്തിന്റെ ഡക്കിന് താഴെ ആറിടങ്ങളിലായി കോൺക്രീറ്റ് പെട്ടികളിലാക്കിയ ഷോക്ക് അബ്‌സോർബിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ സ്പ്രിംഗുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കരിങ്കൽപാളികളിലാണ് തൂണുകൾ. മാർത്താണ്ഡവർമ്മ പാലത്തിന്റെ അതേ മാതൃകയിൽ വർഷങ്ങൾക്ക് ശേഷം ഒന്നരകിലോമീറ്റർ അകലെ മംഗലപ്പുഴ പാലം കൂടി നിർമ്മിച്ചിരുന്നു.
11 രക്തസാക്ഷികൾ
മാർത്താണ്ഡവർമ്മ പാലം നിർമ്മാണത്തിനിടെ 11 പേര് മരണപ്പെട്ടു. മണ്ണിടിച്ചിലിൽപ്പെട്ട 12 പേരിൽ രക്ഷപ്പെട്ട തോട്ടക്കാട്ടുകര താണിപ്പിള്ളി വീട്ടിൽ തൊമ്മി 2004ലാണ് മരിച്ചത്.
അറ്റകുറ്റപ്പണികൾ അപൂർവം
മാർത്താണ്ഡവർമ്മ പാലത്തിന് അറ്റകുറ്റപ്പണികൾ അപൂർവമായേ വേണ്ടി വന്നിട്ടുള്ളു. 2025ൽ ഇരുവശത്തേക്കുമുള്ള നടപ്പാതയിലെ കൈവരി പൊളിച്ച് ഇരുമ്പ് നിർമ്മിത കൈവരിയാക്കി. കൊച്ചി മെട്രോയുടെ അവസാനസ്റ്റേഷനും മാർത്താണ്ഡവമ്മപാലവുമായി 100 മീറ്റർ അകലമില്ല. പാലത്തിന് മെട്രോയുടെ ഔദ്യോഗിക നിറമായ ഇളം പച്ചയാണ് ഒടുവിൽ അടിച്ചത്.
ദേശം പാലത്തിലും
അറ്റകുറ്റപ്പണി
ചെങ്ങമനാട് പഞ്ചായത്തിലെ ദേശം പാലത്തിൽ ആലുവ - അങ്കമാലി പാതയിൽ ഇന്നലെ അറ്റകുറ്റപണികൾ ആരംഭിച്ചു. ഏഴ് മീറ്റർ വീതിയുള്ള പാലത്തിന്റെ മൂന്ന് മീറ്റർ വീതിയിലാണ് അറ്റകുറ്റപണി. പാലം അടക്കാതെ ഒറ്റവരി ഗതാഗതം അനുവദിച്ചിട്ടുണ്ട്. രാവിലെ അറ്റകുറ്റപ്പണി തുടങ്ങുമെന്നാണ് അറിയിച്ചത്. വൈകിയതിനെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടു. രാത്രിയോടെ പണി പൂർത്തിയായി. കോൺക്രീറ്റ് ഉറയ്ക്കേണ്ടതിനാൽ നവംബർ അഞ്ച് വരെ പാലത്തിൽ ഒരു വരി ഗതാഗതമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |