SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

കേരളപ്പിറവി നിയമരംഗത്തും പരിവർത്തനമുണ്ടാക്കി

sukumaran
ജസ്റ്റിസ് കെ. സുകുമാരൻ

കേരളപ്പിറവിയുടെ എഴുപതാം വാർഷിക ദിനത്തിൽ ജസ്റ്റിസ് കെ. സുകുമാരൻ സംസാരിക്കുന്നു

​ഒരു അഭിഭാഷകന്റെ കാഴ്ചപ്പാടിൽ മാത്രമേ ആ സുദിനത്തെ എനിക്ക് ഓർമ്മിക്കാൻ കഴിയൂ. ഒരൊറ്റ ദിവസം കൊണ്ടുതന്നെ നിയമലോകത്തുണ്ടായ മാറ്റങ്ങൾ വലുതും വ്യാപകവുമായിരുന്നു. കോടതികളുടെ ഘടനയിൽപ്പോലും വലിയ മാറ്റമുണ്ടായി. തൊട്ടുതലേന്നു വരെ ഹൈക്കോടതി ജഡ്ജിമാരായി സേവനമനുഷ്ഠിച്ച രണ്ടുപേർ കേരള ഹൈക്കോടതിയുടെ ഭാഗമല്ലാതെയായി. ഉന്നതതലത്തിൽ പ്രവർത്തിച്ചുവന്ന മദിരാശി, ബോംബെ, കൽക്കട്ട ഹൈക്കോടതികൾക്കൊപ്പം കേരള ഹൈക്കോടതിയും അവകാശങ്ങളും അധികാരങ്ങളും അതിഗംഭീര പാരമ്പര്യവും നേടി. ചീഫ് ജസ്റ്റിസ് കെ.ടി. കോശി, കെ. ശങ്കരൻ, എം.എസ്. മേനോൻ, എൻ. വരദരാജ അയ്യങ്കാർ എന്നിവർ ഏതൊരു ന്യായാധിപനുമൊപ്പം സമശീർഷരായി അംഗീകരിക്കപ്പെട്ടു.

​മദിരാശി ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന മുതിർന്ന മലയാളി അഭിഭാഷകരായ കെ. കുട്ടികൃഷ്ണമേനോൻ (കേരള ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ), പി.ബി. ഏറാടി (കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി), എൻ. സുന്ദരയ്യർ, ഡി.എ. കൃഷ്ണവാര്യർ, ഡി.എച്ച്. നമ്പൂതിരിപ്പാട്, എ. അച്യുതൻ നമ്പ്യാർ, എ.പി. രാമുണ്ണി മേനോൻ, ഇ.പി.വി. നമ്പ്യാർ, എം.സി. ശ്രീധരൻ, കെ.എൻ. കരുണാകരൻ, ടി.സി. രാഘവൻ തുടങ്ങിയ അഭിഭാഷകർ എത്തിയതോടെ കേരള ഹൈക്കോടതിയുടെ അന്തരീക്ഷം ആകെയങ്ങ് മാറി.

​

കേസുകളിൽ അവലംബിക്കേണ്ട നിയമങ്ങളിലും മാറ്റം വന്നു. മലബാർ, തിരു-കൊച്ചി പ്രദേശങ്ങളിലെ നിയമവ്യത്യാസങ്ങൾ മുഴുവൻ മനസ്സിലാക്കിയാലേ അന്ന് കേസുകൾ വാദിക്കാനാവുമായിരുന്നുള്ളൂ. തിരു-കൊച്ചി ഭാഗത്തുനിന്ന് വരുന്ന കേസുകളിൽ കേന്ദ്ര സർക്കാർ പാസാക്കി നടത്തിവന്നിരുന്ന പല നിയമങ്ങളും മലബാറിൽ ബാധകമായിരുന്നില്ല. അതുപോലെ, മലബാറിൽ നിലനിന്നിരുന്ന പല നിയമങ്ങളും തിരു-കൊച്ചിയിൽ പ്രാബല്യമുള്ളവയായിരുന്നില്ല. ഇതു മനസിലാക്കാതെ പലരും കേസുകൾ കൈകാര്യം ചെയ്തപ്പോൾ കോടതികൾക്കും അഭിഭാഷകർക്കും ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. നവാബ് രാജേന്ദ്രന്റെ കേസിൽ, അഡ്വക്കേറ്റ് ജനറലിന്റെ പോലും ശ്രദ്ധയിൽപെടാതെപോയ കാര്യങ്ങൾ അതിനൊരു ഉദാഹരണം മാത്രം.

​

​കേരള സംസ്ഥാന രൂപീകരണം നടന്നിട്ടും കുറേ കാലങ്ങൾക്ക് ശേഷമേ എല്ലാ കേസുകളും ഐക്യരൂപേണ കൈകാര്യം ചെയ്യാൻ സാധിച്ചുള്ളൂ. അത്യുന്നതമായ നിയമപാണ്ഡിത്യ പാരമ്പര്യമാണ് കേരളത്തിനുണ്ടായിരുന്നത്. ജസ്റ്റിസ് കെ.കെ. മാത്യു, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എന്നിവർ ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിയവരാണ്.

​കേരളത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നിലാണ് ഹൈക്കോടതി പ്രവർത്തനമാരംഭിച്ചത്. കായലരികത്ത്, അറബിക്കടലിന്റെ ഹൃദയസ്പന്ദനം കേൾക്കാമായിരുന്നു. നിലച്ചുപോകാത്ത വെളിച്ചവും കുളിർകാറ്റും, പടിഞ്ഞാറോട്ട് നോക്കിയാൽ അവസാനമില്ലാതെ പരന്നുകിടക്കുന്ന സാഗരസീമ... അവിടെ കഴിഞ്ഞുകൂടിയ ദിനങ്ങൾ സുഖകരമായ അനുഭവങ്ങൾ തന്നെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL