
കാലടി: വിദ്യാർത്ഥികളും അധികൃതരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ നിലയുറപ്പിച്ചതോടെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ അന്തരീക്ഷം വീണ്ടും കലുഷമായി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാതാവുകയും 97 ദിവസമായ സമരം ഒത്തുതീർക്കാൻ കഴിയാത്തതും സ്ഥിതി വഷളാക്കി.
നാലുപേരുടെ സസ്പെൻഷൻ തുടരാനും മാപ്പെഴുതിയാൽ 12 പേരുടേത് പിൻവലിക്കാമെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചത് വിദ്യാർത്ഥികൾ തള്ളി. നിരാഹാരസമരം ആരംഭിക്കാൻ എസ്.എഫ്.ഐ തീരുമാനിച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകൾ.
വിദ്യാർത്ഥികളുടെയും വൈസ് ചാൻസലറുടെയും ഹർജികൾ ഹൈക്കോടതി പരിഗണിക്കുകയും സിൻഡിക്കേറ്റ് യോഗം ചേരുകയും ചെയ്ത ഇന്നലെ ബഹുജനസംഘടനകളും രക്ഷിതാക്കളും കവാടത്തിൽ പ്രതിഷേധിച്ചു.
സംസ്‌കൃത സർവ്വകലാശാല സംരക്ഷണ സമിതി ജനകീയ മാർച്ച് സംഘടിപ്പിച്ചു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് യദുക്യഷ്ണ അദ്ധ്യക്ഷനായി. സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.കെ. ഷിബു, സി.കെ. സലിംകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ടി. വർഗീസ്, പി.എൻ. അനിൽകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബിബിൻ വർഗീസ്, സെക്രട്ടറി നിഖിൽ ബാബു, എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പി.എസ്. അർച്ചന തുടങ്ങിയവർ സംസാരിച്ചു.
'ലൈറ്റുകൾ നശിച്ചത് വെള്ളപ്പൊക്കത്തിൽ'
ഗവർണർ നിയമിച്ച വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെ നടത്തിയ പ്രതിഷേധമാണ് നിലവിലെ സംഘർഷത്തിന് കാരണം. വൈസ് ചാൻസലറുടെ ശവമഞ്ചം ചുവന്നതായി ആരോപിച്ചാണ് 16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്‌തത്.
വിവാദങ്ങൾക്ക് കാരണമായി വിദ്യാർത്ഥികൾ ആരോപിക്കുന്ന ലൈറ്റുകൾ നശിച്ചത് 2018ലെ വെള്ളപ്പൊക്കത്തിലാണെന്ന് തിയേറ്റർ വിഭാഗം മേധാവിയും സിൻഡിക്കേറ്റ് അംഗവുമായ കെ.കെ കൃഷ്‌ണകുമാർ സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകി.
വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ശവമഞ്ചമായി പ്രതീകാത്മകമായി ഉപയോഗിച്ചത് തിയേറ്റർ വകുപ്പിലെ കേടായ ലൈറ്റുകളല്ല. ലൈറ്റുകളുമായി ബന്ധപ്പെട്ട് 2018 മുതൽ 2026 മാർച്ച് വരെ പരാതികൾ ലഭിച്ചിട്ടില്ല. 2018നും 2026 മാർച്ചിനുമിടയിൽ രണ്ട് സിൻഡിക്കേറ്റുകളും നാല് വൈസ് ചാൻസലർമാരും സർവകലാശാല ഭരിച്ചെങ്കിലും ലൈറ്റ് കേടാണെന്ന പരാതി ലഭിച്ചിട്ടില്ല.
രാഷ്ട്രീയ വിരോധം
നാടക വകുപ്പിലെ ലൈറ്റുകൾ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചതിന്റെ രാഷ്ട്രീയ വിരോധത്തിലാണ് വൈസ് ചാൻസലർ പരാതി നൽകിയത്. എസ്.എഫ്.ഐയുടെ സമരം 97 ദിവസം പിന്നിട്ടെങ്കിലും വിദ്യർത്ഥികളെ കേൾക്കാൻ വി.സി തയ്യാറായിട്ടില്ല
എസ്. സതീഷ്
സി.പി.എം ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |