
കൊച്ചി: ഹാലോവീൻ ആഘോഷം കൊഴുപ്പിക്കാൻ കൊച്ചി നഗരത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ നിശാപാർട്ടിക്കിടെ ഇടിവള പ്രയോഗത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തിൽ ഇടിവളക്കാരനായ സീനിയർക്കും അടിയേറ്റതായി പരാതി. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.
എറണാകുളത്തെ പ്രമുഖ അക്കൗണ്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് എം.ജി റോഡ് പത്മ ജംഗ്ഷന് സമീപം നടന്ന ഹാലോവീൻ ആഘോഷത്തിനിടെ ഏറ്റുമുട്ടിയത്. സഹപാഠികൾക്കൊപ്പം നിശാ നൃത്തം ചെയ്യുന്നതിനിടെയാണ് തൃശൂർ സ്വദേശിയായ 21കാരനെ സീനിയർമാർ ശ്രദ്ധിക്കുന്നത്. ഇതോടെ ജൂനിയറെ ഒരു മൂലയിലേക്ക് വിളിച്ച് തങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ ഇവർ ആവശ്യപ്പെട്ടു. കൊല്ലം സ്വദേശിയായ 24 കാരനായിരുന്നു സീനിയർമാരുടെ നേതാവ്.
സീനിയർമാർക്കൊപ്പം നൃത്തം ചെയ്യാൻ താത്പര്യപ്പെടാതിരുന്ന ജൂനിയർ ‘താനൊരു സെൽഫി എടുത്തിട്ട് വരാം’ എന്നു പറഞ്ഞ് സ്ഥലം കാലിയാക്കാൻ ശ്രമിച്ചെങ്കിലും കൊല്ലം സ്വദേശിക്ക് ഇഷ്ടപ്പെട്ടില്ല. ‘നിനക്ക് ഇത്തിരി മര്യാദ കുറവാണെന്ന്’ പറഞ്ഞ് ഇയാളുടെ നേതൃത്വത്തിൽ നാലംഗ സംഘം ജൂനിയറെ കുനിച്ചു നിറുത്തി മുതുകിന് ഇടിച്ചു.
ഇടിയേറ്റ് നിവരുന്നതിനിടെയാണ് ഇടിവള പ്രയോഗം തുടങ്ങിയത്. ഇടത് കണ്ണിലും വലത് കവിളിലും മൂക്കിലും ഇടിയേറ്റു. ഇതിനിടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ ഓടിയെത്തി ഇരുകൂട്ടരെയും പിടിച്ചുമാറ്റിയെങ്കിലും അവരുടെ മുന്നിൽ വച്ചും ജൂനിയറെ നിലത്തിട്ട് ചവിട്ടി പരുക്കേൽപ്പിച്ചു. എന്നാൽ ജൂനിയറും ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ജീവനക്കാരും ചേർന്ന് തന്നെ മർദ്ദിച്ചെന്നാണ് സീനിയറിന്റെ പരാതി.
നൃത്തത്തിനിടെ ഒരു സീനിയർ വിദ്യാർത്ഥിയുടെ കൈ അബദ്ധത്തിൽ തൃശൂർ സ്വദേശിയുടെ ദേഹത്ത് തട്ടിപ്പോയതിനെ ചൊല്ലിയുണ്ടായ തർക്കമാണത്രേ സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗത്തിലുമുള്ള 9 പേർക്കെതിരെ കേസെടുത്തതായി എറണാകുളം സെൻട്രൽ പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |