
കൊച്ചി: കൗമാരക്കാരും യുവാക്കളും പ്രതിസ്ഥാനത്തെത്തുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ജില്ലയിൽ ഭീതിജനകമായി വർദ്ധിക്കുന്നു. ലഹരി വില്പനയും ഉപയോഗവും മുതൽ മാരകമായ വാഹനാപകടങ്ങൾ, മോഷണം, കൂട്ടമർദ്ദനങ്ങൾ, എ.ഐ ആപ്പുകൾ ഉപയോഗിച്ചുള്ള അശ്ലീല പ്രചാരണം വരെ നീളുന്ന ഗുരുതരമായ കേസുകളിലാണ് 25 വയസിൽ താഴെയുള്ളവർ പിടിയിലാകുന്നത്. ഇതേ തുടർന്ന് പൊലീസും എക്സൈസും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടതും നെടുമ്പാശേരിയിൽ മദ്യപിച്ച് സമ്പന്നകുമാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ചതും ജില്ലയെ നടുക്കിയ സമീപകാല സംഭവങ്ങളാണ്. വാഹനാപകടങ്ങൾക്ക് പുറമേ, ക്യാമ്പസുകളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകളിലും കുട്ടി പ്രതികളുടെ സാന്നിദ്ധ്യം കൂടുകയാണ്.
പണസമ്പാദനം ലക്ഷ്യം
എളുപ്പത്തിൽ പണം സമ്പാദിക്കാനായി കൊച്ചിയിലെത്തുന്ന വിദ്യാർത്ഥികളും യുവാക്കളും ലഹരിവില്പനയിൽ കണ്ണികളാകുന്നുവെന്ന് എക്സൈസ് സ്ഥിരീകരിക്കുന്നു. കോതമംഗലത്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോളജ് വിദ്യാർത്ഥിയും പതിനെട്ടുകാരിയും പിടിയിലായ സംഭവം ഈ പരമ്പരയിലെ ലേറ്റസ്റ്റുകളിൽ ഒന്നാണ്.
അതിരുവിടുന്ന ക്രൂരത
സഹപാഠികളെ മൃഗീയമായി മർദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയും കൗമാരക്കാർക്കിടയിൽ പടരുകയാണ്. പൈങ്ങോട്ടൂരിൽ വിദ്യാർത്ഥിയെ നാലംഗ സംഘം ക്രൂരമായി മർദ്ദിച്ച സംഭവത്തിലും വാളകത്ത് 16കാരനെ വഴിയിൽ തടഞ്ഞുനിറുത്തി ആക്രമിച്ചതിലും കീഴില്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ശുചിമുറിയിൽവച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതിലും പൊലീസ് കേസെടുത്തിരുന്നു.
തൃക്കാക്കരയിലെ കോളജ് വിദ്യാർത്ഥി എ.ഐ ആപ്പ് ഉപയോഗിച്ച് സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത് ഞെട്ടിക്കുന്നതായിരുന്നു. പനങ്ങാട്, കുമ്പളം മേഖലകളിലെ കടകളിൽ തുടർച്ചയായി മോഷണം നടത്തിയ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് താക്കീത് ചെയ്യേണ്ടിവന്നതും തൃപ്പൂണിത്തുറയിൽ വീട്ടുപറമ്പിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച അഞ്ച് പ്രായപൂർത്തിയാകാത്തവരെ പൊലീസ് പിടികൂടിയതും കൗമാര കുറ്റവാളികളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന് തെളിവാണ്.
എങ്ങനെ കൊലപ്പെടുത്താം, അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാം എന്നുവരെയുള്ള കാര്യങ്ങളാണിപ്പോൾ സിനിമയിലടക്കമുള്ളത്. ഇതെല്ലാം കുട്ടികൾ കണ്ട് അനുകരിക്കുകയാണ്. എല്ലാ കൗമാരക്കാരുടെ കൈയിലും ഫോണുണ്ട്. നല്ലതും ചീത്തയും ഫോണിലുണ്ട്. രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കണം
ജോർജ് ജോസഫ്
റിട്ട എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |